കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പരിരക്ഷയും ഉറപ്പവരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പ്രയാസപ്പെടുന്ന കൂടുംബങ്ങള്‍ക്ക് പ്രത്യേകിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധ്യമാകുന്ന ഇടപെടിലുകള്‍ എല്ലാത്തലത്തിലും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ്, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ പ്രീതി പ്രതാപന്‍, സിബിആര്‍ സ്റ്റാഫ് ജെസ്സി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസ്സിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.