
കോട്ടയം: ശുശ്രൂഷയുടെയും കാരുണ്യത്തിന്റെയും വെളിച്ചമായി പ്രശോഭിക്കുവാന്‍ സന്ന്യാസ ദൗത്യത്തിലൂടെ സാധിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലൂടെ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയില്‍ സേവനം അനുഷ്ഠിക്കുന്ന സന്ന്യാസിനി സമൂഹങ്ങള്‍ക്കായി ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ വിദ്യാഭ്യാസ ആതുര ആത്മീയ ശുശ്രൂഷ രംഗത്ത് സന്യാസിനി സമൂഹങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാകത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിതാ എസ്.ജെ.സി, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ കൗണ്‍സിലര്‍ റവ. ഡോ. സിസ്റ്റര്‍ ലത എസ്.വി.എം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ്. ലിസി ജോണ്‍ മുടക്കോടില്‍, റവ. സിസ്റ്റര്‍ എലെനോറ എല്‍.ഡി.എസ്.ജെ.ജി, റവ. സിസ്റ്റര്‍ ലിജി ഡി.സി.പി.ബി എന്നിവര്‍ പ്രസംഗിച്ചു. ചര്‍ച്ച് ഇന്‍ നീഡ് എ.സി.എന്‍ ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ലിറ്റില്‍ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ട്, ഫുസ്‌കോ കോണ്‍ഗ്രിഗേഷന്‍ എന്നീ സന്ന്യാസിനി സമൂഹങ്ങള്‍ക്കായി കോവിഡ് പ്രതിരോധത്തിന് സഹായകമാകുന്ന മാസ്‌ക്കുള്‍ സാനിറ്റൈസറുകള്‍ എന്നിവയാണ് ലഭ്യമാക്കിയത്.