Breaking news

ഫാ. തോമസ് ആനിമൂട്ടിലും ബിനോയി ഇടയാടിയിലും കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍

കോട്ടയം: കോട്ടയം അതിരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായി ഫാ. തോമസ് ആനിമൂട്ടില്‍, ബിനോയി ഇടയാടിയില്‍ എന്നിവരെ തെരഞ്ഞെടുത്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ യോഗത്തിലാണ് ഇവര്‍ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. വൈദിക സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. തോമസ് ആനിമൂട്ടില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളി വികാരിയാണ്. പയ്യാവൂര്‍ സെന്റ് ആന്‍സ് ചര്‍ച്ച് ഇടവകാംഗമായ ഇദ്ദേഹം കാരിത്താസ് ആശുപത്രി ഡയറക്ടറായും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായും തുടര്‍ച്ചയായി മൂന്നുതവണ വൈദികസമിതി സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
അല്‍മായസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബിനോയി ഇടയാടിയില്‍ ചെറുകര ഇടവകാംഗമാണ്. നിലവില്‍ അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും വിന്‍സെന്റ് ഡി പോള്‍ സൊസെറ്റിയുടെ ശാഖാ ജോയിന്റ് സെകട്ടറിയായും ക്‌നാനായ ബാങ്കിന്റെയും ക്‌നാനായ ഹാപ്പി ഹോം പ്രോജക്ടിന്റെയും വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന ബിനോയി കെ.സി.സി യൂണിറ്റ് പ്രസിഡന്റായും കിടങ്ങൂര്‍ ഫൊറോന സമിതി അംഗമായും അതിരൂപതാ ജോയിന്റ് സെക്രട്ടറിയായും അതിരൂപതാ ട്രഷറര്‍ ആയും ക്‌നാനായ കള്‍ച്ചറല്‍ സൊസൈറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമ്പി എരുമേലിക്കരയെ നാഷണല്‍ കൗണ്‍സില്‍ മെമ്പറായും പി.എസ്.ജോസഫ് പുതുക്കളത്തില്‍, ബാബു കദളിമറ്റം എന്നിവരെ കമ്മിറ്റി അംഗങ്ങളായും പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുത്തു.

Facebook Comments

Read Previous

ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു

Read Next

കെ.സി.വൈ.എല്‍ അതിരൂപത വാര്‍ഷികവും കരോള്‍ ദൃശ്യാവിഷ്‌കാര മത്സരവും നടത്തപ്പെട്ടു.