Breaking news

സമുദായ സംരക്ഷണ ദൗത്യത്തില്‍ ഏക മനസ്സോടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്

കണ്ണൂര്‍: ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവും കലര്‍പ്പില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അതിരൂപതയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും സ്വീകരിക്കുന്ന ശക്തമായ നിലപാടുകളുമായി ഏകമനസ്സോടെ മുമ്പോട്ടു പോകുവാനുറച്ച് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മലബാര്‍ നേതൃസംഗമം.
കെ. സി. സി. അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന നേതൃസംഗമം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിക്കുകയെന്നത് മെത്രാന്മാരുടെയും വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായസഹോദരങ്ങളുടെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും അതുനിര്‍വ്വഹിക്കുന്നതിന് അതിരൂപതയിലെ മെത്രാന്‍മാര്‍ എപ്പോഴും  മുന്‍നിരയിലുണ്ടാകുമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. ക്‌നാനായ സമുദായത്തെ  ദൈവവിശ്വാസത്തിലും സഭാ-സമുദായ സ്‌നേഹത്തിലും വളര്‍ത്തുകയെന്നതാണ് അതിരൂപതയിലെ മെത്രാന്മാരുടെ ദൗത്യമെന്നും അക്കാര്യത്തില്‍ വീഴ്ചവരാതെ അര്‍ഹമായ മുന്‍ഗണനയോടുകൂടി നിര്‍വ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.   സൂര്യചന്ദ്രന്മാരുള്ളിടത്തോളം കാലം കണ്ണിലെ കൃഷ്ണമണിപോലെ ഇതുവരെ കാത്തുസൂക്ഷിച്ച ക്‌നാനായ തനിമ പരിപൂര്‍ണ്ണമായി കാത്തുപരിപാലിക്കുമെന്ന് കെ.സി.സി പ്രസിഡന്റ് പറഞ്ഞു.  
നിലവിലെ സാഹചര്യങ്ങള്‍ നേതൃസംഗമം വിലയിരുത്തുകയും സമുദായസംരക്ഷണത്തിനായി കോട്ടയം അതിരൂപതയും ക്‌നാനായ കത്തേലിക്കാ കോണ്‍ഗ്രസ്സും സ്വീകരിച്ചുവരുന്ന നടപടികള്‍ വിശകലനം ചെയ്യുകയും ചെയ്തു.  നവീകരണസമിതി കേസുമായും ഇതരകേസുകളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും അതിരൂപതാ അഡീഷണല്‍ പി.ആര്‍.ഒ അഡ്വ. അജി കോയിക്കലും അവതരിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
കേസിന്റെ കാര്യത്തില്‍ ഇതുവരെ ശരിയായ നിലപാടുകളാണ് അതിരൂപതയും കെ.സി.സിയും എടുത്തിട്ടുള്ളതെന്നും ഇതേ നിലപാടില്‍  ഉറച്ചുനിന്നുകൊണ്ടു കൂടുതല്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്തി കേസിന്റെ നടപടിക്രമങ്ങളില്‍ ജാഗ്രതയോടെ ഒറ്റക്കെട്ടായി മുമ്പോട്ടുപോകണമെന്നും തെറ്റായ പ്രചരണങ്ങളെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കണമെന്നും യോഗത്തില്‍ തീരുമാനമായി. നവീകരണസമിതി കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കു യോഗം പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചു.
മലബാര്‍ റീജിയന്‍ പ്രസിഡന്റ് ബാബു കദളിമറ്റം, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോസ് നെടുങ്ങാട്ട്, കെ.സി.സി ജനറല്‍ സെക്രട്ടറി ബിനോയ് ഇടയാടിയില്‍,  ട്രഷറര്‍ ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറിമാരായ  സൈമണ്‍ പാഴൂക്കുന്നേല്‍, സ്റ്റീഫന്‍ കുന്നുംപുറം ഫൊറോന പ്രസിഡണ്ടുമാരായ സാബു കരിശേരിക്കല്‍, ഷിജു കൂറാനയില്‍, ജോസ് കണിയാപറമ്പില്‍, സജി കുരിവിനാവേലില്‍, എബി പൂക്കുമ്പേല്‍, മത്തായി നന്ദികാട്ട്, ജോണി തോട്ടപ്ലാക്കില്‍,  ഫിലിപ്പ് കൊട്ടോടി,  കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ആല്‍ബര്‍ട്ട് തോമസ്, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. ചങ്ങലീരി, പെരിക്കല്ലൂര്‍, മടമ്പം,രാജപുരം  ഫൊറോനകളിലെ  കെസിസിയുടെ ഫൊറോന യൂണിറ്റ് ഭാരവാഹികള്‍ നേതൃസംഗമത്തില്‍  പങ്കെടുത്തു.

തമ്പി എരുമേലിക്കര ബാബു കദളിമറ്റം   ബിനോയി ഇടയാടിയില്‍
പ്രസിഡന്റ് വൈസ് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി

Facebook Comments

Read Previous

മ്രാല ഊന്നുകല്ലേൽ പരേതനായ ജോണിന്റെ ഭാര്യ മറിയം ജോൺ (മർത്ത, 91) നിര്യാതയായി. Live funeral telecasting Available.

Read Next

എറണാകുളം (കിടങ്ങൂർ) മറ്റത്തിൽ മേരി ജേക്കബ് (69, റിട്ട. സൂപ്രണ്ട്, സെൻട്രൽ എക്സൈസ്, കൊച്ചി) നിര്യാതയായി. Live funeral telecasting available