കോട്ടയം: കോവിഡ് അതിജീവനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പശു വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന് വഴിതെളിക്കുന്ന ഉപവരുമാന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പശുവളര്‍ത്തല്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ സ്വഭവനങ്ങളിലെ ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുസ്ഥിരതയും സാധ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചാത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി. സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കൈപ്പുഴ, ഇടയ്ക്കാട്ട്, ചുങ്കം, ഉഴവൂര്‍, കടുത്തുരുത്തി, കിടങ്ങൂര്‍ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ക്ഷീരകര്‍ഷകര്‍ക്കാണ് പശു വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കിയത്.