കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗിന്റെ 75 വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാപ്രയാണവും മോനിപ്പള്ളി സേക്രട്ട് ഹാര്‍ട്ട് ക്നാനായകത്തോലിക്കാ പള്ളിയില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്തുവിന്റെ ചൈതന്യം തങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാകുവാന്‍ ഓരോ മിഷനറിക്കും കഴിയണമെന്ന് ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും സഭയിലും മിഷന്‍ ചൈതന്യം നിറയ്ക്കാന്‍ ജൂബിലിവര്‍ഷം പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയംഅതിരൂപതാ സഹായമെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, തോമസ് ചാഴികാടന്‍ എം.പി, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരില്‍, കോട്ടയം അതിരൂപതാ ചെയര്‍മാന്‍ ഫാ. റ്റിനേഷ് പിണര്‍ക്കയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൂബിലി ബാനര്‍ പ്രകാശനവും, ജൂബിലി പതാക കൈമാറ്റവും യോഗത്തില്‍വച്ചു നടത്തപ്പെട്ടു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ മാര്‍ തോമസ് തറയില്‍ പിതാവിന്റെ കബറിടത്തിങ്കല്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചശേഷം മോനിപ്പള്ളിയിലേക്ക് ദീപശിഖ പ്രയാണം നടത്തപ്പെട്ടു. തുടര്‍ന്ന് രാവിലെ 10 മണിക്ക് നടത്തപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്ന് കോട്ടയം അതിരൂപതാംഗമായ മോണ്‍. പീറ്റര്‍ ഊരാളില്‍ അച്ചന്റെ കബറിടത്തിങ്കല്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. കോവിഡ് മാനദഡങ്ങള്‍ പാലിച്ചുനടത്തപ്പെട്ട ദിനാഘോഷത്തില്‍ കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷന്‍ലീഗ് പ്രതിനിധികള്‍ പങ്കെടുത്തു.