കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 58-ാമത് സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി. ഹബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്‍ഡ്യയുമായി സഹകരിച്ചുകൊണ്ടാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്. അരി, ഗോതമ്പുപൊടി, പഞ്ചസാര, കുക്കിംഗ് ഓയില്‍, ഉപ്പ്, തേയിലപ്പൊടി, കുളിസോപ്പ്, കുരുമുളക് പൊടി, സോപ്പുപൊടി, പരിപ്പ്, പാത്രം കഴുകുന്ന സോപ്പ്, പായസപ്പരിപ്പ്, കോവിഡ് പ്രതിരോധത്തിനായുള്ള മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 1250 രൂപാ വീതം വിലയുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം കെ.എസ്.എസ്.എസ് 58-ാമത് സ്ഥാപനക ദിനാചരണത്തോടനുബന്ധിച്ച് തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ, ഇടയ്ക്കാട്ട്, കിടങ്ങൂര്‍, മലങ്കര, ഉഴവൂര്‍, കടുത്തുരുത്തി മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്.