കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കായുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം കുടുംബ ശാക്തീകരണ പ്രവര്‍ത്തനങ്ങളും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ ശാശ്വത വളര്‍ച്ചയ്ക്ക് അവസരം ഒരുക്കുന്ന കര്‍മ്മ പദ്ധതികളാണ് കെ.എസ്.എസ്.എസ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുകിട വരുമാന സംരംഭകത്വ പദ്ധതികളിലൂടെയും ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങൊരുക്കുവാന്‍ കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നന്മകള്‍ സ്വീകരിക്കുവാനും നല്‍കുവാനുമുള്ള മനസ്ഥിതിയുള്ള സമൂഹമായി നാം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിക്ക് കെ.എസ്.എസ്.എസ് സേവ് എ ഫാമിലി പ്ലാന്‍ കോര്‍ഡിനേറ്റര്‍ നിത്യാമോള്‍ ബാബു, ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.