കോട്ടയം: സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളായ കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെയും ഭക്ഷ്യകിറ്റുകളുടെയും വിതരണോദ്ഘാടനം കുറ്റൂര്‍ മല്‍ക്കാനായ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മഹാമരിയുടെ പശ്ചാത്തലത്തില്‍ അനുദിന ജീവിത്തിലെ ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ചെറുകിട വരുമാന പദ്ധതികളിലൂടെ സഹായ ഹസ്തമൊരുക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രയാസപ്പെടുന്ന കൂടുംബങ്ങള്‍ക്ക് ഉപവരുമാന സാധ്യകള്‍ തുറന്നുകൊടുത്തുകൊണ്ട് മെച്ചപ്പെട്ട ജീവിത സാഹചര്യം ക്രമീകരിച്ചുകൊടുക്കുവാന്‍ ചെറുകിട വരുമാന സംരംഭകത്വ പദ്ധതികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പുനരൈക്യ ശതാബ്ദി സാമൂഹ്യക്ഷേമ കമ്മറ്റി കണ്‍വീനര്‍ ഫാ. ഷിജു വട്ടംപുറം, കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പട്ടത്തേട്ട്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ സുധീര്‍ അബ്രാഹം, മറിയാമ്മ ജോബി എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 100 കുടുംബങ്ങള്‍ക്ക് മേല്‍ക്കൂരയോടുകൂടിയ കോഴിക്കൂടും ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളേയുമാണ് ലഭ്യമാക്കുന്നത്. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിഭാവനം ചെയ്ത് നടപ്പിലാക്കിയ തയ്യല്‍ പരിശീലന കേന്ദ്രം, ബദല്‍ ജീവിതശൈലി ഉല്‍പ്പന്ന വിപണനകേന്ദ്രം, അടുക്കളത്തോട്ട വ്യാപന പദ്ധതി എന്നീ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കോഴിവളര്‍ത്തല്‍ യൂണിറ്റുകളും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യുന്നത്.