Breaking news

ഫ്ലോറിഡായിലെ ഒർലാഡോയിൽ പുതിയ ക്നാനായ ഇടവക രൂപീകൃതമായി.

ഒർലാഡോ:വി. എസ്തപ്പാനോസിന്റെ നാമത്തിൽ ഒർലാഡോയിൽ  2018 ജൂൺ 24 ന് സ്ഥാപിതമായ ക്‌നാനായ മിഷൻ സ്വന്തമായി വാങ്ങിയ ദൈവാലയം ഇന്ന് ഇടവകയായി ഉയർത്തപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജയ്ക്കബ് അങ്ങാടിയത്ത് പുതിയ ദൈവാലയം കൂദാശചെയ്ത് ഇടവകയായി  പ്രഖ്യാപിക്കുകയും, പ്രഥമ വികാരിയായി റവ. ഫാ. ജോസ് ആദോപ്പള്ളിയെ നിയമിക്കുകയും ചെയ്തു. ചിക്കാഗോ രൂപതയുടെ വികാരി ജനറാളും ക്‌നാനായ റീജിയൺ ഡയറക്ടറുമായ റവ. ഫാ.തോമസ്‌ മുളവനാൽ, ചാൻസലർ റവ. ഫാ. ജോർജ് ദാനവേലി, മുൻ മിഷൻ ഡയറക്ടർ റവ. ഫാ. മാത്യു മേലേടം  തുടങ്ങി ക്നാനായ റീജിയണിലെയും സമീപ ഇടവകകളിലേയും ഒട്ടനവധി വൈദികർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികത്വം വഹിച്ചു.
ഒർലാഡോയിലെ ക്നാനായ കുടുംബങ്ങൾ ടാമ്പാ തിരുഹൃദയ ദൈവാലയത്തിന്റെ ഭാഗമായിട്ടായിരുന്നു അജപാലന കാര്യങ്ങൾ നിർവ്വഹിച്ചു കൊണ്ടിരുന്നത്. ക്നാനായ മിഷ്യൻ സ്ഥാപിക്കപ്പെട്ട ശേഷം സ്വന്തമായ ഒരു ദൈവാലയത്തിനുവേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു ഒർലാഡോയിലെ ക്നാനായ ജനം.  പുതിയ ഇടവകയുടെ സ്ഥാപനതോടെ അമേരിക്കയിലെ 15-ാമത്തെ ക്നാനായ കത്തോലിക്കാ ഇടവകയാണ് ജന്മമെടുക്കുന്നത്.  കൂടാതെ 7 ക്നാനായ മിഷനുകൾ കൂടി ഇപ്പോൾ അമേരിക്കയിൽ പ്രവർത്തിച്ചുവരുന്നു.
ഇടവക സ്ഥാപിച്ചുകൊണ്ടുള്ള തിരുകർമ്മങ്ങൾക്കും ബലിയർപ്പണത്തിനും ശേഷംകുടിയ യോഗത്തിൽ റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ. മാത്യൂ മേലേടത്ത്, ബിജോയി മൂശാരിപറമ്പിൽ എന്നിവർ സംസാരിച്ചു. തദവസരത്തിൽ റവ.ഫാ. തോമസ് മുളവനാൽ പൗരോഹിത്യത്തിന്റെ രജിത ജൂബിലി ആഘോഷിക്കുന്നതും പുതിയ ഇടവകയുടെ പ്രഥമ വികാരിയായി നിയമിക്കപ്പെട്ടിരിക്കുന്നതുമായ റവ. ഫാ. ജോസ് ആദോപ്പള്ളിയ്ക്ക് അനുമോദനങ്ങളും ആശംസകളും നേർന്നു. ഓർലാഡോയിലെ പുതിയ ദൈവാലയത്തിന്റെ രൂപീകരണത്തിന്  ആദോപ്പളളിൽ അച്ചൻ നല്കിയ വലിയ നേതൃത്വത്തെ പ്രത്യേകം പ്രശംസിക്കുകയും മുൻ ഡയറക്ടറായി നേതൃത്വം നല്കിയ റവ. ഫാ. മാത്യൂ മേലേടം, റവ. ഫാ. ജോസ് ശൗരിയാം മാക്കൽ എന്നിവരുടെ സേവനങ്ങളേയും പ്രത്യേകം നന്ദിയോടെ സ്മരിക്കുകയും ചെയ്തു. ഇടവക രൂപീകരണത്തിനുവേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നല്കിയ അഭി. മാർ ജയ്ക്കബ് അങ്ങാടിയത്ത്, അഭി.മാർ മാത്യൂ മൂലക്കാട്ട് മെത്രാപ്പോലീത്ത, അഭി. മാർ ജോയി ആലപ്പാട്ട്, അഭി. മാർ ജോസഫ് പണ്ടാരശ്ശേരി, ഗീവർഗ്ഗീസ് മാർ അപ്രേം എന്നിവരേയും വികാരി ജനറാൾ നന്ദിയോടെ അനുസ്മരിച്ചു. ക്നാനായ റീജിയണിലെ വിവിധ ഇടവകകൾ സാമ്പത്തികമായും മറ്റു പല തരത്തിലും സഹകരിച്ചതും പ്രത്യേകം സ്മരിക്കപ്പെടുകയുണ്ടായി.കൈക്കാരന്മാരയ ബോബി കണ്ണംകുന്നേൽ, ജിമ്മി കല്ലുറുമ്പേൽ തുടങ്ങി ഇടവകസ്ഥാപനത്തിന് ത്യാഗപൂർവ്വം സഹകരിച്ച ഇടവകയിലെ എല്ലാകുടുംബങ്ങളെയും പ്രത്യേകം അനുസ്മരിച്ച് നന്ദിപറഞ്ഞു.യോഗത്തിൽ റവ. ഫാ. ജോസ് ആദോപ്പള്ളി സ്വാഗതവും ശ്രി. ബോബി കണ്ണംകുന്നേൽ കൃതജ്ഞതയും അർപ്പിച്ചു.  പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

Facebook Comments

knanayapathram

Read Previous

കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കും – മാര്‍ മാത്യു മൂലക്കാട്ട്