കെ.എസ്.എസ്.എസ് കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു
കോട്ടയം: പ്രകൃതിയോടിണങ്ങിയ കൃഷി രീതികള്‍ അവലംബിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ്. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ബഹുവിള കൃഷി സമ്പ്രദായവും വിള ഇന്‍ഷുറന്‍സ് സംസ്‌ക്കാരവും ഗവണ്‍മെന്റ് ആനുകൂല്യങ്ങളുടെ ഫലപ്രദമായ ഉപയോഗവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുവാന്‍ കര്‍ഷക ദിനാചരണങ്ങള്‍ വഴിയൊരുക്കുമെന്നും കാര്‍ഷിക മേഖലയിലെ നന്മകള്‍ തിരിച്ചറിഞ്ഞ് കാര്‍ഷികവൃത്തിയോടുള്ള അഭിരുചി വളര്‍ത്തിയെടുക്കുവാനും സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അസി. ഡയറക്ടര്‍ മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ്, കോട്ടയം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ഫലവൃക്ഷ വ്യാപന പദ്ധതിയുടെ ഉദ്ഘാടനം കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘ ഫെഡറേഷന്‍ പ്രതിനിധി ബാബു സ്റ്റീഫന്‍ പുറമഠത്തിലിന് ഫലവൃക്ഷതൈ നല്‍കിക്കൊണ്ട് ഡോ. സാബു തോമസ് നിര്‍വ്വഹിച്ചു. കൂടാതെ കെ.എസ്.എസ്.എസിന്റെ വിവിധ മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാതൃക കര്‍ഷകരെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. ജോര്‍ജ്ജുകുട്ടി സിറിയക്ക് വട്ടക്കുട്ടയില്‍, ഇ.എ. തോമസ് ഇറപുറത്ത്, ഫിലിപ്പ് കുര്യന്‍ ചാന്തുരുത്തിയില്‍, ജോണ്‍സണ്‍ ബേബി ഒറ്റയില്‍, ഷാജിമോന്‍ പുത്തന്‍പുരയില്‍, സൂര്യനാരായണപിള്ള എന്നീ മാതൃകാ കര്‍ഷകരെയാണ് ആദരിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട കാര്‍ഷിക സെമിനാറിന് കോട്ടയം കൃഷി വിജ്ഞാന കേന്ദ്ര അസി.പ്രൊഫസര്‍ ഡോ. ദേവി വി.എസ് നേതൃത്വം നല്‍കി.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063