Breaking news

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി – സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുമായി കോട്ടയം അതിരൂപത

കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധങ്ങളായ സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യല്‍ പരിശീലന കേന്ദ്രം, ബദല്‍ ജീവിതശൈലി ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം, അടുക്കളത്തോട്ടവ്യാപന പദ്ധതി, 100 കുടുംബങ്ങള്‍ക്കായി കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ ലഭ്യമാക്കല്‍, 25 വനിതകള്‍ക്കായി തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം, വിവിധങ്ങളായ തൊഴില്‍ നൈപുണ്യ വികസന പരിശീലനങ്ങള്‍, വരുമാന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കും. പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രമീകരിച്ച തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെയും ബദല്‍ ജീവിതശൈലി ഉല്‍പ്പന്ന വിപണന കേന്ദ്രത്തിന്റെയും ഉദ്ഘാടനം കുറ്റൂര്‍ മല്‍ക്കാനായ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ അര്‍ത്ഥവും ആഴവും തിരിച്ചറിഞ്ഞ് കൂട്ടായ്മയിലും സാഹോദര്യത്തിലും മുന്‍പോട്ട് പോകുവാന്‍ കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ബദല്‍ ജീവിതശൈലിയുടെ അവലംബനവും അനുദിനജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ക്‌നാനായ മലങ്കര ജനവിഭാഗത്തിന്റെ ആത്മീയവും അജപാലനപരവുമായ വളര്‍ച്ചയ്ക്ക് പുനരൈക്യ ശതാബ്ദി ആഘോഷങ്ങള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, അതിരൂപതാ പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജെയിംസ് പട്ടത്തേട്ട്, പുനരൈക്യ ശതാബ്ദി സാമൂഹ്യക്ഷേമ കമ്മറ്റി കണ്‍വീനര്‍ ഫാ. ഷിജു വട്ടംപുറം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ തോമസ് അറയ്ക്കത്തറ, ത്രേസ്യാമ്മ കുരുവിള  എന്നിവര്‍ പ്രസംഗിച്ചു. ഒരേ സമയം ഇരുപത് പേര്‍ക്ക് തയ്യല്‍ പഠിക്കുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയ തയ്യല്‍ പരിശീലന കേന്ദ്രമാണ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ അനുദിന ജീവിതത്തില്‍ അത്യന്താപേക്ഷിതമായിട്ടുള്ള ബദല്‍ ജീവിതശൈലി ഉല്‍പ്പന്നങ്ങളായ സോപ്പ്, ലോഷന്‍, ഫിനോയില്‍, ഹാര്‍പ്പിക്, വിനാഗിരി, ഹാന്റ്‌വാഷ്, ഹൈപ്പോ, ഉജാല, സോപ്പുപൊടി, വിക്‌സ്, സ്റ്റാര്‍ച്ച്, റാഗി, നോട്ടുബുക്ക്, മെഴുകുതിരി  തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ വിപണനകേന്ദ്രത്തില്‍ നിന്നും ലഭ്യമാക്കുന്നതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനങ്ങളും നല്‍കും.

Facebook Comments

knanayapathram

Read Previous

ഭിന്നശേഷിക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതികളുമായി മാസ്സ്

Read Next

ക്നാനായ സമുദായ സംരക്ഷണസമതി മൂലക്കാട്ട് പിതാവിന് നിവേദനം നൽകി