Breaking news

ബെന്നി വാച്ചാച്ചിറ ചെയര്‍മാൻ ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് സെക്രട്ടറി, ഡി.കെ.സി.സിക്ക് പുതിയ ഭരണസമിതി

ചിക്കാഗോ: ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ സംഘടനയായ ‘ഡയസ്പറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസി’ന്റെ (ഡി.കെ.സി.സി) 2021-23 വര്‍ഷത്തേയ്ക്കുള്ള പുതിയ കര്‍മസമിതി ചുമതലയേറ്റു.അമേരിക്കന്‍ മലയാളി സംഘടനാ പ്രവര്‍ത്തകനും ഫോമയുടെ മുന്‍ പ്രസിഡന്റുമായ ബെന്നി വാച്ചാച്ചിറയാണ് ഡി.കെ.സി.സിയുടെ ചെയര്‍മാന്‍. വൈസ് ചെയര്‍മാനായി ഓഷ്യാന റീജിയന്റെ പ്രതിനിധിയും ഓസ്‌ട്രേലിയയിലെ സാമൂഹിക സാംസ്‌കാരിക സാമുദായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ജിനോ കുടിലില്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

സമുദായ യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന ഗ്ലിസ്റ്റെന്‍ സാബു ചോരത്ത് (സെക്രട്ടറി, ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍ അന്റോണിയോ) സെക്രട്ടറിയായും, കാനഡയിലെ മലയാളി സമൂഹത്തിലെ ബിസിനസ് രംഗത്ത് സുപരിചിതനും, മലയാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപാടവം തെളിയിച്ചിട്ടുള്ളതുമായ ജോജി തോമസ് വണ്ടാമാക്കില്‍ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഇക്കഴിഞ്ഞ ജൂലായ് 31ന് ചേര്‍ന്ന ഡി.കെ.സി.സി ജനറല്‍ ബോഡിയില്‍ വച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഷീന്‍സ് ആകശാല (അമേരിക്ക), ബിനു തുരുത്തി (ഓസ്‌ട്രേലിയ)എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

മുന്‍ ചെയര്‍മാന്‍ ജ്യോതിസ് കുടിലില്‍, സെക്രട്ടറി സാജു പാറയില്‍, ട്രഷറര്‍ ബെന്നി ഓണശ്ശേരില്‍, വൈസ് ചെയര്‍ സജി മുണ്ടക്കപ്പറമ്പില്‍ (മിഡില്‍ ഈസ്റ്റ്), ജോയിന്റ് സെക്രട്ടറി സൈമണ്‍ ചാമക്കാല (അമേരിക്ക) എന്നിവര്‍ പൊതുയോഗത്തിന് നേതൃത്വം നല്‍കി.വെര്‍ച്വല്‍ ആയി നടന്ന ജനറല്‍ ബോഡിയില്‍ വിവിധ രാജ്യങ്ങളിലെ ക്‌നാനായ സംഘടന നേതാക്കള്‍ സാന്നിധ്യം അറിയിച്ചു. സിറിയക് കൂവക്കാട്ടില്‍ (കെ.സി.സി.എന്‍.എ), ചാണ്ടി മാത്യു (ഓഷ്യാന), സജി ജോസഫ് കൂടക്കാട്ടു മ്യാലില്‍ (കെ.സി.സി.എം.ഇ), അജീഷ് തെക്കനേത്ത് (യു.കെ.കെ.സി.എ) എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. സഭയെയും സമുദായത്തെയും ഒന്നിച്ച് കണ്ണി ചേര്‍ത്തുകൊണ്ടുപോകുവാന്‍ പ്രതിജ്ഞാബദ്ധമായ മനസ്സോടെയും വിശ്വാസത്തോടെയും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ ബെന്നി വാച്ചാച്ചിറ പറഞ്ഞു.

ക്‌നാനായ സമൂഹത്തെ, അതിന്റെ അടിസ്ഥാന തത്വമായ ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും ക്‌നാനായ പ്രമാണങ്ങളിലൂന്നിക്കൊണ്ട്, ക്‌നാനായ സമുദായ ഐക്യവും കത്തോലിക്കാ വിശ്വാസവും കൈമോശം വരാതെ സൂക്ഷിച്ചുകൊണ്ട് ആഗോള ക്‌നാനായ സമുദായാംഗങ്ങളെ നേര്‍ മാര്‍ഗത്തിലേയ്ക്ക് നയിക്കുവാനുള്ള കോട്ടയം അതിരൂപതാ നേതൃത്വത്തിന്റെയും ലോകമെമ്പാടുമുള്ള ക്‌നാനായ സംഘടനകളുടെയും ശ്രമങ്ങള്‍ക്ക് കരുത്തുപകരുകയും അവയെ ഏകോപിപ്പിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് ഡി.കെ.സി.സി ഏറ്റെടുത്തിരിക്കുന്നത്.

തനിമയാര്‍ന്ന ധാരാളം ആചാരാനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ ആഘോഷ പൊലിമയോടെതന്നെ നിലനിര്‍ത്തിപ്പോരുന്ന ഈ പ്രബല സമൂഹത്തിന്റെ ശോഭനമായ ഭാവി, അനുസ്യൂതമായ വളര്‍ച്ചയും വികാസവും, വിശ്വാസത്തിലധിഷ്ഠിതമായ മാര്‍ഗദര്‍ശനം എന്നിവയടങ്ങിയ ഒരു കര്‍മപരിപാടി രൂപപ്പെടുത്തി, പാളിച്ചകളില്ലാതെ, തീര്‍ത്തും സാമുദായിക മുഖത്തോടെ നടപ്പാക്കുകയാണ് നമ്മുടെ പരമപ്രധാനമായ കര്‍ത്തവ്യം എന്ന് ബെന്നി വാച്ചാച്ചിറ വ്യക്തമാക്കി.ആഗോള തലത്തില്‍ ക്‌നാനായ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും തീരാ പരാതികള്‍ക്കും രമ്യമായ പരിഹാരം കാണാനും നമുക്ക് കടമയുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.

2011 ല്‍ കോട്ടയത്തെ ചൈതന്യാ ഹാളില്‍ പ്രവാസികളായ ക്‌നാനായ സംഘടനാ നേതാക്കള്‍ ഒത്തുചേര്‍ന്ന് കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അനുവാദത്തോടും ആശിര്‍വാദത്തോടും ആരംഭിച്ച ആഗോളപ്രസ്ഥാനമാണ് ഡി.കെ.സി.സി.ഒരു പ്രദേശത്ത് ഒതുങ്ങി നിന്നിരുന്ന ജനതയുടെ മറ്റ് പ്രദേശങ്ങളിലേക്കുള്ള ചിതറിപ്പോകലിനെ അര്‍ത്ഥമാക്കുന്ന ഡയസ്പറ എന്ന ഗ്രീക്ക് പേര് ക്‌നാനായക്കാരുടെ ഈ ഗ്ലോബല്‍ ഫെഡറേഷന് നിര്‍ദ്ദേശിച്ചത് അഭിവന്ദ്യ പിതാവ് തന്നെയാണ്.

അകാലത്തില്‍ മണ്‍മറഞ്ഞ അമേരിക്കയിലെ ജോയി ചെമ്മാച്ചേലിന്റെ നേതൃത്വത്തില്‍ 2003 ല്‍ റോമില്‍ നടന്ന ഗ്ലോബല്‍ ക്‌നാനായ കണ്‍വന്‍ഷന്‍, 2006 ല്‍ ജോയി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ കോട്ടയത്തു നടന്ന ആഗോള ക്‌നാനായ കണ്‍വന്‍ഷന്‍ എന്നീ ക്‌നാനായ കൂട്ടായ്മകളില്‍ ഉരുത്തിരിഞ്ഞ ആശയമാണ് പ്രവാസികളായ ക്‌നാനായക്കാരെ ഐക്യച്ചരടില്‍ കോര്‍ത്തിണക്കുക എന്നത്.നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായക്കാരുടെ നാഷണല്‍ സംഘടനയായ കെ.സി.സി.എന്‍.എ ഈ ലക്ഷ്യപ്രാപ്തിക്കായി മുന്‍കൈ എടുത്തു.

യൂറോപ്പ്, യു.കെ എന്നിവിടങ്ങളിലെ ക്‌നാനായ മക്കളെ ഒരുമിപ്പിക്കുന്ന യു.കെ.കെ.സി.എ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ സമുദായക്കാരെ ചേര്‍ത്തുകൊണ്ടുപോകുന്ന കെ.സി.സി.എം.ഇ., ഓസ്‌ട്രേലിയായിലെയും സമീപത്തുള്ള രാജ്യങ്ങളിലെയും ക്‌നാനായക്കാരെ ഏകോപിപ്പിക്കുന്ന ഓഷ്യാനിയ എന്നു തുടങ്ങി നാല് റീജിയണുകളെ കൂട്ടിച്ചേര്‍ത്തുകൊണ്ട് എല്ലാവരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കുവാന്‍ വേണ്ടി ആരംഭിച്ച പ്രസ്ഥാനമാണ് ഡി.കെ.സി.സി.ഈ സമൂഹത്തിന്റെ ആത്മീയ തലവനായ കോട്ടയം രൂപതാദ്ധ്യക്ഷന്റെ അധികാരപരിധി വ്യാപിപ്പിക്കുക, ലോകമെമ്പാടുമുള്ള ക്‌നാനായക്കാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുക എന്നതൊക്കെയാണ് ഡി.കെ.സി.സിയുടെ മഹത്തരമായ ലക്ഷ്യങ്ങള്‍.

ഈ സംഘടനയുടെ പ്രഥമ പ്രസിഡന്റ് നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള ജോര്‍ജ് നെല്ലാമറ്റമാണ്. ഷീന്‍സ് ആകശാല (അമേരിക്ക), സിറിയക് പുത്തന്‍പുര (അമേരിക്ക), ബിനു തുരുത്തി (ഓസ്‌ട്രേലിയ), ജ്യോതിസ് കുടിലില്‍ (അമേരിക്ക) എന്നിവരും ഡി.കെ.സി.സിയുടെ ചുക്കാന്‍ പിടിച്ചിട്ടുണ്ട്.കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഡി.കെ.സി.സിയുടെ പേട്രണ്‍ ആയി ഉപദേശനിര്‍ദേശങ്ങള്‍ നല്‍ക്കൊണ്ടിരിക്കുന്നു. ഫാ. ചാക്കോച്ചന്‍ വണ്ടംകുഴി ആണ് സ്പിരിച്വല്‍ ഡയറക്ടര്‍.

Facebook Comments

knanayapathram

Read Previous

റെഡി 1, 2, 3 വിസ്മയം ന്യൂജേഴ്സിയിൽ

Read Next

ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു