കോട്ടയം: അഭിരുചിക്കനുസരിച്ചുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് ഉപവരുമാന സാധ്യതകള്‍ കണ്ടെത്തണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായിട്ടുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതോടൊപ്പം അനുദിന ജീവിതത്തെ ക്രമപ്പെടുത്തി മുന്‍പേട്ട് പോകുവാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍. അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി അമ്പത് കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി.