കോട്ടയം അതിരൂപതയുടെ 111-ാമത് സ്ഥാപനദിനത്തോടനുബന്ധിച്ച് 2021 ഓഗസ്റ്റ് 29 ന് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കുന്നു. വിദ്യാഭ്യാസം-കല-കായിക-സാഹിത്യ-ആരോഗ്യ-ശാസ്ത്ര-സാങ്കേതിക- സാമൂഹ്യ-സാംസ്‌ക്കാരിക മേഖലകളിൽ ദേശീയ, സംസ്ഥാന, യൂണിവേഴ്‌സിറ്റി തലങ്ങളിൽ അംഗീകാരം നേടിയിട്ടുള്ളവർ, സഭാതലത്തിൽ മികവിന് പുരസ്‌ക്കാരങ്ങൾ ലഭിച്ചവർ തുടങ്ങിയവരെയാണ് മുഖ്യമായും ആദരവു നൽകുന്നതിനായി പരിഗണിക്കുന്നത്. കൂടാതെ കോവിഡ് മഹാമാരിയുടെ മുന്നളി പോരാളിയായി പ്രവർത്തിച്ച് അംഗീകാരം നേടിയവരെയും പരിഗണിക്കും. അംഗീകാരങ്ങൾ ലഭിക്കാത്തവരെങ്കിലും മുകളിൽപ്പറഞ്ഞ വിവിധ മേഖലകളിൽ വിശിഷ്ടമായതോ തിളക്കമാർന്നതോ ആയ പ്രവർത്തനം നടത്തിയവരും അതുല്യമായ സംഭാവനകൾ നൽകിയവരുമായ അതിരൂപതാംഗങ്ങൾക്കും ആദരവു നൽകും. 2019 ലെ അതിരൂപതാദിനത്തിനുശേഷമുള്ള നേട്ടങ്ങൾക്കാണ് ആദരവു നൽകുന്നത്.
ആദരവിനുള്ള നോമിനേഷനുകൾ ഇടവക വികാരിമാർ വഴിയാണ് ലഭിക്കേണ്ടത്. കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരം ബഹു. വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടെ ആഗസ്റ്റ് 16 നകം ജനറൽ കൺവീനർ, അതിരൂപതാദിന ആഘോഷകമ്മിറ്റി, കാത്തലിക് മെട്രോപോളീറ്റൻസ് ഹൗസ്, പി.ബി.നമ്പർ -71, കോട്ടയം 686001 എന്ന വിലാസത്തിലോ vicargeneralktym@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയച്ചുനൽകേണ്ടതാണ്. ലഭിക്കുന്ന നോമിനേഷനുകൾ ഇതിനായി നിയോഗിക്കപ്പെടുന്ന കമ്മിറ്റി വിലയിരുത്തിയതിനുശേഷമായിരിക്കും ആദരവിന് അർഹരായവരെ തെരഞ്ഞെടുക്കുക. ഓഗസ്റ്റ് 29 ഞായറാഴ്ച റാന്നിസെന്റ് തെരേസാസ് പള്ളിയങ്കണത്തിൽ സംഘടിപ്പിക്കുന്ന അതിരൂപതാദിനാചരണത്തോടനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദരവു നൽകും.