കോട്ടയം: എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും സഹായം എത്തിക്കുന്ന ക്രൈസ്തവ മനോഭാവം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന അതിരൂപതയിലെ കൈപ്പുഴ, മലങ്കര, ചുങ്കം, ഇടയ്ക്കാട്ട്, കടുത്തുരുത്തി, പിറവം, ഉഴവൂര്‍, കിടങ്ങൂര്‍ ഫൊറോനകളിലെ ഇടവക പരിധിയിലുള്ള കുടുംബങ്ങള്‍ക്കായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആശ്വാസ് ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി ആരോഗ്യ വകുപ്പിന്റെയും വിവിധ ഗവണ്‍മെന്റ് സംവിധാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പരിശ്രങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ ജനറാള്‍ സിസ്റ്റര്‍ കരുണ എസ്.വി.എം, കരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയക്ട്രസ്സ് ജനറല്‍ മിസ് ലിസ്സി ജോണ്‍ മുടക്കോടില്‍, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ഗ്രേസി എസ്.ജെ.സി, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ സിബി ഐക്കരത്തുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി എഴുന്നൂറ് കുടുംബങ്ങള്‍ക്ക് ആയിരം രൂപാ വീതം വിലയുള്ള അരി, പഞ്ചസാര, തെയില പൊടി, മുളക് പൊടി, മല്ലിപൊടി, ഉപ്പ്, കടുക്, മഞ്ഞള്‍പൊടി, കടല, ചെറുപയര്‍ കുക്കിംഗ് ഓയില്‍, ഗോതമ്പ് പൊടി എന്നിവ അടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് ലഭ്യമാക്കുന്നത്.