മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ
PRO UKKCA
ക്നാനായ കുടിയേറ്റനായകൻ ക്നായിത്തോമായുടെ വെങ്കല പ്രതിമ കൊടുങ്ങല്ലൂരിൽ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്ര ആരംഭിച്ചു. ഏഴില്ലത്തിലെ എഴുപത്തിരണ്ട് കുടുംബങ്ങളുമായി പ്രേഷിത കുടിയേറ്റ സംഘം വന്നിറങ്ങിയ അതേ കൊടുങ്ങല്ലൂരിൽ നിന്ന്. പേർഷ്യ, ഗ്രീസ്, ആഫ്രിക്ക, പോർച്ചുഗൽ, റോം, തുടങ്ങിയ എത്രയോ രാജ്യങ്ങളിലെ പായ്ക്കപ്പലുകൾ കറുത്ത പൊന്ന് കടത്താനായി കാത്തു കിടന്ന കൊടുങ്ങല്ലൂർ. കുടിയേറ്റക്കാലത്തെ മഹോദയപുരവും, കാലങ്ങൾക്ക് മുമ്പ് മുസിരിസും, ആയിരുന്ന കൊടുങ്ങല്ലൂർ. കുടിയേറ്റക്കാരുടെ മൂന്നു കപ്പലുകളിൽ ഒന്നായ “ബാബിലോണിയ” എന്ന കപ്പലിൽ കേരള ക്രൈസ്തവീ യതുടെ കൈ പിടിച്ച് ഉയർത്തി കരക്കടുപ്പിക്കാൻ ക്നായിത്തോമായെന്ന വീരനായകൻ വന്നിറങ്ങിയ സ്ഥലം. ആ പട്ടണത്തിൻ്റെ തെക്കുംഭാഗത്ത് താമസിച്ചാണ് നമ്മൾ തെക്കുംഭാഗരായത്. ക്രിസ്തുവിനു ശേഷം AD എന്നും BC എന്നും ചരിത്രം വിഭജിക്കപ്പെട്ടതു പോലെ കൊടുങ്ങല്ലൂരിൽ വച്ചാണ് കേരള ക്രൈസ്തവ സഭ തെക്കുംഭാഗമെന്നും വടക്കുംഭാഗരെന്നുമായി വിഭജിക്കപ്പെട്ടത്. അവിടെ വച്ചാണ് പോർച്ചുഗീസ് ആക്രമണത്തിൽ അതുവരെ നേടിയതെല്ലാം നമുക്ക് നഷ്ടപ്പെട്ടത്. അവിടെ വച്ചാണ് കെട്ടിപ്പൊക്കിയതൊക്കെ ചാരമായി നമ്മൾ കെട്ടിയെടുത്തത്.ആ കൊടുങ്ങല്ലൂരെന്ന പുണ്യഭൂമിയിൽ നിന്നാണ് ഓരോ മണൽത്തരിയിലും ക്നാനായ ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിൽ നിന്നാണ് ഗോത്രപിതാവ് ക്നായിത്തോമായുടെ യാത്ര പുറപ്പെട്ടത്. കടുത്തുരുത്തി, ഉദയംപേരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ക്നായിത്തൊമ്മൻ പ്രതിമ കൊടുങ്ങല്ലൂരിൽ എത്തിയത്. പൂക്കൾ കൊണ്ടും തോരണം കൊണ്ടും കമനീയമായി അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് ക്നാനായക്കാരൻ്റെ ഹ്യദയമിടിപ്പായക് നായിത്തോമായുടെ പ്രതിമ കുടിയേറ്റ ഗാഥകൾ ഏറ്റു പാടുന്ന സ്ഥലങ്ങളിലെത്തിയത്.
ഓരോ ക്നാനായ കുടിയേറ്റവും വ്യത്യസ്തമാവുന്നത് അവയോരോന്നും പ്രേഷിത കുടിയേറ്റമായതുകൊണ്ടുതന്നെ. കുടിയേറിയ നാടുകളിലെ സൗകര്യങ്ങളോടും സംസ്ക്കാരങ്ങളോടും സമരസപ്പെടുമ്പോഴും, പൂർവ്വപിതാവ് ക്നായിത്തൊമ്മൻ കുടിയേറ്റത്തിൻ്റെ ഉദ്ദ്യേശ്യങ്ങളും ലക്ഷ്യങ്ങളും തന്നെ യാണ് ഇന്നും പിൻതുടരപ്പെടുന്നത്. ഓരോ ക്നാനായ കുടിയേറ്റത്തിനും മുമ്പ് മക്കളെയാത്രയാക്കുമ്പോൾ മാതാപിതാക്കളുടെ മനസ്സിലെ പ്രാർത്ഥനയും ആശംസയും ഇന്നും “മക്കളെക്കാണു മോ ഹിന്ദുവിൽ നിന്ന് പോയാലും,
ബന്ധങ്ങൾ വേർപിടാതോർക്കണമെപ്പൊഴും
പത്തു മൊരേഴുമങ്ങെപ്പോഴും ചിന്തിപ്പിൻ
പാടുമറിയാതിരിക്കേണം നിങ്ങളും.”
ക്നാനായ ഇടവകകളെന്ന വലിയ കൂട്ടായ്മയിൽ അംഗമായി, ക്നാനായ സംഘടനകളിൽ സജീവമായി പ്രവർത്തിച്ച്, ക്നാനായ ബന്ധുക്കളുടെ വാൽസല്യവും സ്നേഹവും ഏറ്റുവാങ്ങി, ക്നായത്വമെന്ന ഊഷ്മളതയുടെ ആനന്ദമേറ്റുവാങ്ങി വളർന്നവർ, അവരാണ് UKയിലെ കുടിയേറ്റത്തിലെ ആദ്യ തലമുറക്കാർ. ക്നാനായത്വത്തിൻ്റെ ഇഴയടുപ്പം മാതാപിതാക്കളനുഭവിച്ചതു പോലെ അവരുടെ മക്കൾ ഇന്ന് വിവാഹ പ്രായത്തിലെത്തുകയാണ്.കർമ്മം കൊണ്ട് ക്നാനായത്വം നഷ്ടപ്പെടാതെ മക്കളെക്നാനായത്തനിമയിലേക്ക് ചേർത്തുനിർത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ ക്നാനായ ചരിത്ര പoനത്തിന് പ്രചോദനമേകുന്ന ക്നായിത്തോമാ പ്രതിമാസ്ഥാപനം പോലുള്ള ദീർഘവീക്ഷണത്തോടെയുള്ള കർമ്മ പദ്ധതികൾ എന്നും സമുദായത്തിന് ഗുണകരമാവും.