Breaking news

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് സഹായഹസ്തം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി മൂലം പ്രയാസത്തിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുന്നതിലൂടെ സഹമനുഷ്യരോടുള്ള കരുതലാണ് നാം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോവിഡ് അതിജീവന പാതയില്‍ അശരണരായ ആളുകള്‍ക്ക് കൈത്താങ്ങാകുവാന്‍ സാധിക്കണമെന്നും കെ.എസ്.എസ്.എസ് പോലുള്ള സന്നദ്ധ സംഘടനകള്‍ ഇതിനായി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ ഭിന്നശേഷിയുള്ള വ്യക്തികളുള്ള 124 കുടുംബങ്ങള്‍ക്കാണ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒരു മാസത്തേയ്ക്കുള്ള ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്.  ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അരി, പഞ്ചസ്സാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, ചായപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കടുക്, കുക്കിംഗ് ഓയില്‍, ഉപ്പ്, ജീരകം എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. 

Facebook Comments

knanayapathram

Read Previous

തൊമ്മന്‍ സംഗമം ഒരുക്കി ന്യൂജെഴ്സി

Read Next

ഫാ. സ്റ്റാൻ സ്വാമി: നീതിയുടെ പ്രവാചകശബ്ദം