Breaking news

ഫാ. സ്റ്റാൻ സ്വാമി: നീതിയുടെ പ്രവാചകശബ്ദം

ഡോ. ജോർജ്ജ് കറുകപ്പറമ്പിൽ
പി.ആർ.ഒ

ഈശോസഭാവൈദികനും നീതിയുടെ പ്രവാചകനും മനുഷ്യാവകാശത്തിനുവേണ്ടി മരണംവരെ പരിശ്രമിക്കുകയും ചെയ്ത ഫാ. സ്റ്റാൻ സ്വാമി (83) ജയിൽവാസിയായി 2021 ജൂലൈ 5 നു നിര്യാതനായി. സാമൂഹ്യപ്രവർത്തകനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തീവ്രവാദിയായി മുദ്രകുത്തിയാണു 2020 ഒക്‌ടോബർ 8 ന് എൻ.ഐ.എ ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ ശിഷ്ടകാലം ജയിലിൽ കഴിയുവാൻ കോടതി അനുവദിക്കുകയായിരുന്നു. മനുഷ്യാവകാശത്തിനുവേണ്ടി ധീരമായി പോരാടിയ അദ്ദേഹത്തിന്റെ വിടുതലിനുവേണ്ടി ഭാരതസഭ പലതലങ്ങളിലും പരിശ്രമം നടത്തിയിട്ടുണ്ട്. അതിനൊന്നും ഫലംകാണാനായില്ല. പ്രായാധിക്യവും കഠിനമായ പലരോഗങ്ങളും ഉണ്ടായിരുന്ന സ്റ്റാൻ സ്വാമി അച്ചനെ അന്യായവും അനീതിപരവുമായ കുറ്റംചുമത്തിയാണു ജയിലലടച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അദ്ദേഹത്തിനു വിടുതൽ നൽകാൻ കോടതി അനുവദിച്ചില്ല. ഭാരതചരിത്രത്തിലാദ്യമായി നീതിക്കുവേണ്ടി ജീവിച്ചു കുറ്റാരോപിതനായി ജയിലിൽ കഴിയേണ്ടി വരികയും ജയിൽവാസിയായി മരിക്കേണ്ടിവരികയും ചെയ്ത കത്തോലിക്കാ വൈദികനാണ് സ്റ്റാൻ സ്വാമി. സ്വന്തം കാര്യലാഭത്തിനോ പേരിനോ വേണ്ടിയല്ല അദ്ദേഹം തന്റെ പരിശ്രമം തുടർന്നത്. തന്റെ പ്രവർത്തനലക്ഷ്യം അദ്ദേഹം ഇങ്ങനെ എഴുതുന്നു: 
  I neither had any connection with Bhima Koregeon incident nor any links with Maoists. All along I dedicated my life for the development of my poor Adivasi sisters and brothers. I wanted justice to be done to them as per the constitutional provisions and supreme court judgement’. 
ബഹു. സ്റ്റാൻ സ്വാമിയച്ചൻ തനിക്കു നേരിടേണ്ടിവന്ന ഏതുസാഹചര്യത്തിലും നീതിയിൽ ഉറച്ചും മനുഷ്യാവകാശം ലക്ഷ്യമാക്കിയും ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിച്ചു. അതേലക്ഷ്യത്തോടെ അനീതിയുടെ മുൻപിൽ നീതിക്കുവേണ്ടി ഫാ. സ്റ്റാൻ സ്വാമി ജീവിതം ബലിയർപ്പിച്ചു. ബഹു. അച്ചന്റെ നിര്യാണത്തിൽ വേദനിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് ഈശോ സഭാസമൂഹത്തിലെ എല്ലാ അംഗങ്ങളെയും ഓർക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ബഹു. അച്ചനെ നീതിമാനായ ദൈവം നീതിയുടെ കിരീടം അണിയിക്കുമാറാകട്ടെ. വൈദികനും മനുഷ്യാവകാശപ്രവർത്തകനുമായ ബഹു. സ്റ്റാൻ സ്വാമിയച്ചനു കോട്ടയം അതിരൂപതയുടെ ആദരാഞ്ജലി അർപ്പിക്കുകയും നിത്യതയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു

Facebook Comments

Read Previous

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

കോവിഡ് പ്രതിരോധത്തിന് വ്യക്തി ശുചിത്വവും സാമൂഹ്യ അകലവും അവലംബിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം – മന്ത്രി റോഷി അഗസ്റ്റിന്‍