കോട്ടയം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് നടപ്പിലാക്കുന്ന വിവിധ കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.സി.സിയുടെ അതിരൂപതയിലെ 142 യൂണിറ്റുകളിലും ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കുന്നു. പദ്ധതിയുടെ അതിരൂപതാതല ഉദ്‌ഘാടനം ബഹു. കേരള ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. കോവിഡ് അതിജീവനം കൂട്ടുത്തരവാദിത്വമായി ഏറ്റെടുത്ത് സന്നദ്ധസംഘടനകള്‍ സര്‍ക്കാരിനോടു സഹകരിച്ചു സഹായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരുന്നത് ഏറെ ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.സി ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ,അതിരൂപതാ ഭാരവാഹികളായ ബിനോയി ഇടയാടിയില്‍, ഡോ. ലൂക്കോസ് പുത്തന്‍പുരയ്‌ക്കല്‍, തോമസ് അരയത്ത്, സ്റ്റീഫന്‍ കുന്നുംപുറത്ത്, തോമസ് അറക്കത്തറ, തോമസ് തറയില്‍ എന്നിവര്‍ പങ്കെടുത്തു. ശരീരത്തിലെ ഓക്‌സിജന്‍ നില മനസ്സിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷയ്‌ക്ക് അനിവാര്യമാണെന്നതിനാലാണ് ഈ സേവനം ലഭ്യമാക്കുവാന്‍ കെ.സി.സി മുന്നിട്ടിറങ്ങിയത്. അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലും കെ.സി.സിയുടെ നേതൃത്വത്തില്‍ ഓക്‌സി മീറ്ററുകള്‍ ലഭ്യമാക്കും.
ക്‌നാനായ ഹെല്‍പ്പു ഡെസ്‌കിന്റെ വിപുലമായ സേവനങ്ങള്‍, രക്തദാനസേന വിപുലീകരണം, ടാസ്‌ക് ഫോഴ്‌സിലെ പങ്കാളിത്തം, വോളണ്ടിയേഴ്‌സ് ഫോറത്തിലൂടെ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്കും കോവിഡ് മൂലം മരണം സംഭവിച്ച കുടുംബങ്ങള്‍ക്കും മരുന്നുകളും ഭക്ഷണസാധനങ്ങളും ഉപവരുമാന മാര്‍ഗ്ഗങ്ങള്‍ക്കാവശ്യമായ സഹായങ്ങളും ലഭ്യമാക്കല്‍, ചികിത്സാ സഹായവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കല്‍, വാക്‌സിനേഷനു പ്രചോദനം നല്‍കുകല്‍, കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കല്‍, മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അതിരൂപത ലഭ്യമാക്കുന്ന കൗണ്‍സലിംഗ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കല്‍, വിദേശരാജ്യങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ബന്ധുജനങ്ങളില്ലാതെ രോഗികളായി കഴിയുന്നവര്‍ക്കും പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്കും അതത് സ്ഥലത്തെ ക്‌നാനായ അസോസിയേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കല്‍, കോവിഡ് മരണമുണ്ടാകുന്ന കുടുംബങ്ങളില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും വേണ്ട ഇടപെടലുകളും തുടര്‍ കരുതല്‍ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് കെ.സി.സി കോവിഡ് അതിജീവന കര്‍മ്മപദ്ധിയിലൂടെ നടപ്പിലാക്കി വരുന്നത്.