Breaking news

ചെറുകിട വരുമാന സംരംഭകത്വ ലോണ്‍ മേള രണ്ടാം ഘട്ടം ഉദ്ഘാടനവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണവും നടത്തപ്പെട്ടു

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ ലോണ്‍മേള രണ്ടാം ഘട്ടം ഉദ്ഘാടനവും ക്‌നാനായ കാത്തലിക് അസ്സോസിയേഷന്‍ ന്യൂസിലാന്റുമായി സഹകരിച്ചുകൊണ്ട് കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററിന്റെ വിതരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ ലോണ്‍ മേളയുടെ ഉദ്ഘാടനവും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വിതരണവും  സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കോവിഡ് അതിജീവന പാതയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പോലുള്ള സന്നദ്ധ സംഘടനകള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിലൂടെ നാടിന്റെ സമഗ്ര വികസനമാണ് സാധ്യമാകുന്നതെന്നും കോവിഡ് പ്രതിസന്ധിമൂലം തൊഴിലും ഉപജീവനവും നഷ്ടപ്പെട്ട ആളുകള്‍ക്ക് സംരംഭകത്വ ലോണ്‍ മേളയിലൂടെ കരുതല്‍ ഒരുക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സമൂഹത്തിന്റെ സമഗ്രവികസനം എന്ന ആശയം ഫലപ്രദമായി നടപ്പിലാക്കുവാന്‍ കെ.എസ്.എസ്.എസിന് സാധിച്ചുവെന്നും ഉപവരുമാന സാധ്യതകള്‍ അവലംബിച്ചുകൊണ്ട് കോവിഡ് പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ കഴിയണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആര്യ രാജന്‍, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. ലോണ്‍മേള രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 50 ലക്ഷം രൂപായാണ് ലഭ്യമാക്കിയത്. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ന്യൂസിലാന്റിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കുമരകം ഗ്രാമപഞ്ചായത്തിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ മന്ത്രി വി.എന്‍ വാസവനില്‍ നിന്നും ഏറ്റുവാങ്ങി. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ.  ജോണ്‍ ചേന്നാക്കുഴി, അപ്‌നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുരിയത്തറ, കാരിത്താസ് ആയുര്‍വ്വേദ ഹോസ്പ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റെജി കൊച്ചുപറമ്പില്‍, കാരിത്താസ് ഹോസ്പിറ്റല്‍ പ്രതിനിധികളായ ഫാ. ജോയിസ് നന്ദികുന്നേല്‍, ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, അതിരൂപത മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, യുവജന സംഘടന ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

കോവിഡ്‌ അതിജീവന പ്രവര്‍ത്തനങ്ങള്‍ : ഓക്‌സിമീറ്ററുകള്‍ ലഭ്യമാക്കി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്

Read Next

ഉഴവൂര്‍: തെരുവകാട്ടില്‍ ജോസഫ് ജോണ്‍ നിര്യാതനായി.