Breaking news

ചെറുകിട വരുമാന സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും സാധ്യമാകും – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: ചെറുകിട വരുമാന സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും സാധ്യമാകുമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് കരുതലും സഹായവും ലഭ്യമാക്കേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ സിബി ഐക്കരത്തുണ്ടത്തില്‍, സിബില്‍ ജയിംസ് സിബി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ചിരിക്കുന്ന ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളുമാണ് ലഭ്യമാക്കിയത്. വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ കൂടുതല്‍ ആളുകളിലേയ്ക്ക് കോവിഡ് അതിജീവനത്തിന്റെ ഭാഗമായി വിവിധങ്ങളായ സ്വയം തൊഴില്‍ സംരംഭങ്ങള്‍ വരുംദിനങ്ങളില്‍ കെ.എസ്.എസ്.എസ് ലഭ്യമാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം നിര്യാതനായി.

Read Next

പിതൃസ്നേഹം വാഴ്ത്തി ന്യൂജേഴ്സി ഫാദേഴ്സ് ഡേ