ചിക്കാഗോ സെ. തോമസ് സീറോ മലബാർ രൂപതയിലെ ക്നാനായ റീജിയണിന് അഭിമാനമായി ഡീക്കൻ ജോസഫ് (അങ്കിത്ത് )തച്ചാറ ജൂൺ 12 ശനിയാഴ്ച കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ കൈവെയ്പ് ശുശ്രൂഷ വഴി പൗരോഹിത്യ പട്ടം സ്വീകരിച്ചു.നവവൈദികൻ ഹൂസ്റ്റൻ സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവക തച്ചാറ മാത്യു ജിനു ദമ്പതികളുടെ മകനാണ്. കോട്ടയം എസ്.എച്ച്.മൗണ്ട് സെ.സ്റ്റാനിസ്ലാവൂസ് സെമിനാരിയില്‍ നിന്ന് മൈനര്‍ സെമിനാരി പഠനവും ആലുവ മംഗലപ്പുഴ സെമിനാരിയില്‍ നിന്ന് ഫിലോസഫി പഠനവും പൂര്‍ത്തിയാക്കിയ ശേഷം ക്‌നാനായ റീജിയന്റെ കീഴില്‍ ചിക്കാഗോ മണ്ടലെയ്ന്‍ സെമിനാരിയില്‍ നിന്നും തിയോളജി പഠനവും പൂര്‍ത്തിയാക്കി. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയന്റെ അജപാലന ശുശ്രൂഷക്കായിട്ടായിരിക്കും ബഹുമാനപ്പെട്ട തച്ചാറ ജോസഫ് (അങ്കിത്ത് ) അച്ചൻ നിയോഗിക്കപ്പെടുക. ക്നാനായ കാത്തലിക്ക് റിജിയണിൽ നിന്ന് ആദ്യമായി അഭിഷേകം ചെയ്യപ്പെടുന്ന വൈദികൻ എന്ന നിലയിൽ കോട്ടയം അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും ഇത് അഭിമാന മുഹൂർത്തമാണെന്ന് ക്നാനായ റീജിയൻ വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് മുളവനാൽ തന്റെ സന്ദേശത്തിൽ അറിയിച്ചു. നവവൈദികന് നൂറുകണക്കിന് ജനങ്ങളുടെ അനുമോദനങ്ങളും പ്രാർത്ഥനകളും അടങ്ങുന്ന സന്ദേശങ്ങളാൽ വാട്ട്സ്ആപ്പ് മാധ്യമങ്ങൾ ഏറെ സജീവമായി.
റിപ്പോർട്ട് : സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)