Breaking news

മാർ കുര്യാക്കോസ് കുന്നശേരി പിതാവിൻ്റെ 4-ാം ചരമവാർഷിക ദിനത്തിൽ മാർ മാത്യു മൂലക്കാട്ട് പിതാവിൻ്റെ അനുസ്മരണ സന്ദേശം .

ദൈവജനമെ,ലോകമെമ്പാടുമുള്ള ക്‌നാനായ മക്കള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പുണ്യദിനമാണിന്ന്‌. അഭിവന്ദ്യ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരില്‍ പിതാവു നമ്മോടു വിടപറഞ്ഞുപിതാവിന്റെ സന്നിധിയിലെത്തിയ ദിവസം. പിതാവിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കാം. ഈ വിശുദ്ധ കുര്‍ബ്ബാനയില്‍ പിതാവിനെ പ്രത്യേകമായി അനുസ്‌മരിക്കാം. നമ്മുടെ ഓരോരുത്തരുടേയും ഹൃദയത്തില്‍ പിതാവിനെക്കുറിച്ചുളള ചിന്തകള്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. പിതാവില്‍ തിളങ്ങിയിരുന്ന സത്‌്‌ഗുണങ്ങളും നന്മകളും ഇവിടെ എടുത്തു പറയേണ്ട കാര്യമില്ല. അഭിവന്ദ്യ പിതാവു ക്‌നാനായ സമുദായത്തിന്റെയും അതിരൂപതയുടേയും വളര്‍ച്ചയ്‌ക്കും വേണ്ടി നല്‍കിയിട്ടുള്ള സംഭാവനകള്‍ എത്രയോ വലുതാണെന്ന്‌ ഓര്‍ക്കുന്നു. ദൈവം പിതാവുവഴി നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്കു നന്ദിപറയുവാന്‍ ഈ ദിവസം നമുക്കു ചിലവഴിക്കാം.`കര്‍ത്താവു നമുക്കു നല്‍കുന്ന ക്ലേശങ്ങളിലും സമാശ്വാസങ്ങളിലും അവിടുത്തോടു ചേര്‍ന്നു നന്ദിപറയണ’മെന്ന വിശുദ്ധ പൗലോസിന്റെ വാക്കുകളാണ്‌ ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നത്‌. തന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും ക്‌നാനായ സമുദായത്തിന്റെയും അതിരൂപതയുടെയും വളര്‍ച്ചയ്‌ക്കുവേണ്ടി പരിശ്രമിച്ചു. പിതാവു തന്റെ ദൗത്യം പൂര്‍ത്തിയാക്കി സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്കു മടങ്ങിയിരിക്കുമ്പോള്‍ നമുക്കോര്‍ക്കാം, ദൈവസന്നിധിയില്‍ ശക്തിയുള്ള മദ്ധ്യസ്ഥനായി പിതാവു നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനയില്‍ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്കും ഒന്നുചേര്‍ന്നു പ്രാര്‍ത്ഥിക്കാം; പിതാവേ അങ്ങയെ ഞങ്ങള്‍ ഒന്നുചേര്‍ന്നു ഈ ദിവസത്തില്‍ ഓര്‍ക്കുമ്പോള്‍ ദൈവം ഞങ്ങള്‍ക്കും അതിരൂപതയ്‌ക്കും നല്‍കിയിട്ടുള്ള നന്മകളെ ഓര്‍ക്കുകയും നന്ദി പറയുകയും ചെയ്യുന്നു. ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ ഓരോരുത്തരുടേയും അതിരൂപതയുടേയും ജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ. അതിനായുള്ള പ്രചോദനം നല്‍കണമേ എന്നു ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. അതാണ്‌ ഏറ്റവും നല്ല ഓര്‍മ്മ; ഏറ്റവും നല്ല ഉപഹാരം.
പിതാവിനെ അനുസ്‌മരിക്കുമ്പോള്‍ ക്‌നാനായ സമുദായത്തെക്കുറിച്ചു പിതാവു കാത്തുസൂക്ഷിച്ച സ്വപ്‌നങ്ങളും സാക്ഷാത്‌ക്കരിക്കാനുള്ള പരിശ്രമങ്ങളും നാം തുടരുമെന്നു പ്രതിജ്ഞ ചെയ്യണം. ഈ ഭൂമിയില്‍ അതു തുടരുവാനുള്ള ചുമതല നമ്മുടേതാണ്‌. അങ്ങനെ പിതാക്കന്മാര്‍ വഴി ആരംഭിച്ച ദൗത്യം സാക്ഷാത്‌ക്കരിക്കപ്പെടണം. ദൈവം ആഗ്രഹിച്ച രീതിയില്‍ വിശുദ്ധ ജനമായിത്തീരുവാനും ദൈവത്തിനു പ്രീതികരമായ സമൂഹമായി വര്‍ത്തിക്കാനും ദൈവത്തോടു ചേര്‍ന്നുനില്‍ക്കുന്ന സഭാസമൂഹമായി വളരുവാനും നമുക്ക്‌ പരിശ്രമിക്കാം. ലോകം മുഴുവനും പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഈ ദിവസത്തില്‍ നമുക്കും എല്ലാവരോടുമൊപ്പം പ്രാര്‍ത്ഥിക്കാം. ഈ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാം. നമുക്കറിയാം പ്രത്യേക സാഹചര്യത്തിലാണു ഇന്ന്‌ നമുക്ക്‌ എല്ലാവര്‍ക്കും ഒരുമിച്ചു കൂടാന്‍ സാധിക്കാതെ വരുന്നത്‌. എല്ലാവരെയും ചേര്‍ത്തുകൊണ്ട്‌ ഈ ബലി അര്‍പ്പിക്കുകയാണ്‌. പിതാവിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. ഒപ്പം നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പിതാവിനോടു പ്രാര്‍ത്ഥിക്കാം. ഈ ഭൂമിയില്‍ നമുക്കുവേണ്ടി ജീവിക്കുകയും തന്നെത്തന്നെ ഹോമബലിയായി അര്‍പ്പിക്കുകയും ചെയ്‌ത പിതാവിനെ സമര്‍പ്പിക്കുന്നു. അതോടൊപ്പം ദൈവസന്നിധിയില്‍ നിന്നും പിതാവു വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്കു നന്ദി പറയാം. ദൈവഹിതം പൂര്‍ണ്ണമായി നിറവേറ്റിയ പിതാവിനോടൊപ്പം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പിതാവിനുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. പിതാവിന്റെ മാദ്ധ്യസ്ഥ്യത്തിനായി നമുക്കപേക്ഷിക്കാം.`പാവന താതാ നിന്‍ പ്രാര്‍ത്ഥനകള്‍ മൂലംദൈവത്തിന്‍ കരുണ ഞങ്ങളിലുണ്ടാകാന്‍’നമുക്കൊരുമിച്ച്‌ ഈ ബലിയര്‍പ്പിച്ച്‌ പിതാവിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പിതാവിന്റെ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യാം.
Attachments area

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം

Read Next

കോവിഡ് പ്രതിരോധം -ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കെ.എസ്.എസ്.എസ്