കോട്ടയം: കോവിഡ് പ്രതിസന്ധിയോടൊപ്പം വെള്ളപ്പൊക്ക കെടുതികളും നേരിട്ട ആളുകള്‍ക്ക് കരുതലൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. അരി, പഞ്ചസാര, ഗോതമ്പുപൊടി, ചായപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കടുക് എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, മേഴ്‌സി സ്റ്റീഫന്‍, ജിജി ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കുമരകം, ഒളശ്ശ, ചെങ്ങളം പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്. കോവിഡ് പ്രതിരോധത്തിനായുള്ള സ്റ്റീം ഇന്‍ഹീലറുകള്‍, പള്‍സ് ഓക്‌സീ മീറ്ററുകള്‍, പി.പി.ഇ കിറ്റുകള്‍, ഓക്‌സിജന്‍ കോണ്‍സെന്റേറ്ററുകള്‍, ടെലി കൗണ്‍സലിംഗ്, കോവിഡ് രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, ആയുര്‍വ്വേദ-ഹോമിയോ പ്രതിരോധ മരുന്നുകളുടെ വിതരണം, സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും പ്രൊട്ടക്ഷന്‍ കിറ്റുകളുടെയും വിതരണം എന്നീ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ഭക്ഷ്യക്കിറ്റുകള്‍ കെ.എസ്.എസ്.എസ് വിതരണം ചെയ്യുന്നത്.