Breaking news

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കോട്ടയം അതിരൂപത

കോട്ടയം: അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധങ്ങളായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപത. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തേടെ അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളുടെ വിതരണം, ശരീരത്തിലെ ഓക്‌സിജന്റെ തോത് അറിയുന്നതിനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡിനെ പ്രതിരോധിക്കുന്നതിനായി ആവി പിടിക്കുന്നതിനുള്ള സ്റ്റീം ഇന്‍ഹീലര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വോളന്റീയേഴ്‌സിനുമായുള്ള പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യൂപ്‌മെന്റ് കിറ്റുകളുടെ വിതരണം, മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍, ഹാന്റ് വാഷ് എന്നിവയുടെ വിതരണം കൂടാതെ ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കും ഇതര നിര്‍ദ്ധന കുടുംബങ്ങള്‍ക്കായുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്. എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. ഒപ്പം വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികളിലേയ്ക്ക് കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും പ്രൊട്ടക്ഷന്‍ കിറ്റുകളുടെയും വിതരണവും വിഭാവനം ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈപ്പുഴ, നീണ്ടൂര്‍, പഴയ കല്ലറ, പുതിയ കല്ലറ, കുറുമുള്ളൂര്‍, കടുത്തുരുത്തി, പേരൂര്‍, ഇടയ്ക്കാട്ട്, കിഴക്കേ നട്ടാശ്ശേരി, ഒളശ്ശ, കുമരകം, എസ്.എച്ച് മൗണ്ട്, കിടങ്ങൂര്‍, ഉഴവൂര്‍, എന്നിവിടങ്ങളിലായി സ്റ്റീം ഇന്‍ഹീലറുകളും പള്‍സ് ഓക്‌സീ മീറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളും വിതരണം ചെയ്തു. മെഡിക്കല്‍ ഉപകരണങ്ങളുടെയും പ്രതിരോധ കിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ സിബി ഐക്കരത്തുണ്ടത്തില്‍, സിബില്‍ ജയിംസ് സിബി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ വരും ദിനങ്ങളില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോട്ടയം അതിരൂപത.

Facebook Comments

knanayapathram

Read Previous

മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നിന്നും 12 കുരുന്നുകൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു

Read Next

ഇരവിമംഗലം അരയത്ത് അന്നമ്മ കുരുവിള (90) നിര്യാതയായി. LIVE TELECASTING AVAILABLE