കോട്ടയം: കോവിഡ് പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതൊടൊപ്പം കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുവാനും കഴിയണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവശ്യ മരുന്നുകള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുളള വ്യക്തികളും കുടുംബങ്ങളും അതീവ ജാഗ്രതയോടെ പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ മുന്‍പോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ്ബ് മാവുങ്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ കൊച്ചുറാണി എബ്രാഹം, അയ്മനം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ ശോശാമ്മ ഷാജി, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ സിബി സിബി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സിന്റെയും സഹകരണത്തോടെ കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യ മരുന്നുകള്‍ വിതരണം ചെയ്തത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് അവശ്യമരുന്നുകള്‍ ലഭ്യമാക്കിയത്.