കോട്ടയം: ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗത്തിന് കരുതല്‍ ഒരുക്കുന്ന സംസ്‌ക്കാരം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ പരസ്പരം സഹായിച്ച് മുന്‍പോട്ടു പോകുവാനുള്ള മനസ്ഥിതി സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫസര്‍ റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ ജിജി ജോയി എന്നിവര്‍ പ്രസംഗിച്ചു. ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 60 കുടുംബങ്ങള്‍ക്ക് അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, റവ, ചായപ്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി, കടുക്, ജീരകം, ഉപ്പ്, കുക്കിംഗ് ഓയില്‍, കുളിസോപ്പ് എന്നിവ ഉള്‍പ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കും നിര്‍ദ്ധന കുടുംബങ്ങള്‍ക്കുമായിട്ടാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.