ഒരു കോടി രൂപയുടെ വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങളുമായി കെ.എസ്.എസ്.എസ്
കോട്ടയം: ചെറുകിട വരുമാന സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തതയും ഉപവരുമാനവും സാധ്യമാകുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. സ്വയം തൊഴില്‍ സംരംഭങ്ങളുടെ സ്വയം പര്യാപ്തതയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വരുമാന സംരംഭകത്വ ലോണ്‍ മേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ തരണം ചെയ്ത് ചെറുകിട സംരംഭങ്ങളിലൂടെ മുന്‍പോട്ട് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ വേണ്ടത്ര തയ്യറെടുപ്പുകളും ആശയ രൂപീകരണവും നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ഒരു കോടി രൂപായാണ് ചെറുകിട സംരംഭങ്ങള്‍ക്കായി മിതമായ പലിശ നിരക്കില്‍ ലഭ്യമാക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, തയ്യല്‍, സ്റ്റേഷനറി കട, ബ്യൂട്ടീഷന്‍, മത്സ്യ കൃഷി, നെല്‍ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയ വിവിധങ്ങളായ വരുമാന സംരംഭങ്ങള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് അമ്പതിനായിരം രൂപാവിതമാണ് ധന സഹായം ലഭ്യമാക്കിയത്.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
9495538063