കോട്ടയം: കോട്ടയം അതിരൂപതയിലെ ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റി(JET)ന്റെയും ക്‌നാനായ അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗി(KART)ന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച `വഴിക്കൂറായി’ രാജ്യാന്തര ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലെ പങ്കാളികളുടെ കൂടിവരവും മെറിറ്റ് ഡേയും ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. വിശ്വാസവും പൈതൃകവും സംരക്ഷിച്ചുകൊണ്ട് മുന്നേറുവാന്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമുദായത്തിന്റെ പൈതൃകങ്ങളും ആചാരങ്ങളും ശരിയായി അറിയുവാനും മനസ്സിലാക്കുവാനും സമുദായപഠനങ്ങള്‍ വഴിയൊരുക്കുമെന്നും അതിലൂടെ പിതാക്കന്മാര്‍ പകര്‍ന്നുനല്‍കിയ വിശ്വാസപാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌പണ്ടാരശ്ശേരില്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോണ്‍സണ്‍ നീലാനിരപ്പേല്‍, ഫാ. ബൈജു മുകളേല്‍, ഫാ. മാത്യു കൊച്ചാദംപള്ളില്‍, മിഷനറി സൊസൈറ്റി ഡയറക്‌ടര്‍ ഫാ. ഷാജി വടക്കേത്തൊട്ടിയില്‍, കാര്‍ട്ട് അക്കാദമിക് ഡയറക്‌ടര്‍ ഡോ. ജോസ് ജെയിംസ്, കെ.സി.സി പ്രസിഡന്റ് തമ്പി ഏരുമേലിക്കര, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, കെ.സി.വൈ.എല്‍ ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം എന്നിവര്‍ പ്രസംഗിച്ചു. കാര്‍ട്ട്, ജെറ്റ്, ക്‌നാനായ ഗ്ലോബല്‍ ഫൗണ്ടേഷന്‍, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു. ക്‌നാനായ സമുദായത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്‌തീയതയ്‌ക്ക് ആധികാരികമായി സാക്ഷ്യം വഹിക്കുക, ക്രിസ്‌തീയവും ഭാരതീയവുമായ ജീവിതമാര്‍ഗമായ നാനാത്വത്തില്‍ ഏകത്വം എന്ന തത്വപ്രകാരം ജീവിക്കുന്നതിലൂടെ ഇതര വിഭാഗങ്ങളെ ബഹുമാനത്തോടെ വീക്ഷിക്കാന്‍ പ്രാപ്‌തരാക്കുക, ക്‌നാനായ സമുദായ പഠനപ്രവര്‍ത്തന ടീം സജ്ജമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2020 ജൂലൈ 3 ന് തുടക്കം കുറിച്ച കോഴ്‌സ് 2020 ഡിസംബറില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് 2021 ല്‍ പരീക്ഷയും കോഴ്‌സ് പൂര്‍ത്തീകരണത്തിനായി പങ്കെടുത്തവരുടെ അസൈന്‍മെന്റ് സമര്‍പ്പണവും പൂര്‍ത്തിയാക്കി. ക്‌നാനായ ഗ്ലോബല്‍ ഫൗണ്ടേഷന്‍, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് കോഴ്‌സ് സംഘടിപ്പിച്ചത്.