Breaking news

ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു

കോട്ടയം: ക്‌നാനായ ഗോബല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ക്‌നാനായക്കാരുടെ വിശ്വാസം, ചരിത്രം, പാരമ്പര്യം, കലകള്‍, ആചാരങ്ങള്‍, സംസ്‌ക്കാരം, വേഷത്തിലും ഭാഷയിലുമുള്ള പ്രത്യേകതകള്‍ തുടങ്ങിയവയുടെ ശാസ്‌ത്രീയ പഠനത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളോടെ രൂപം നല്‍കിയിരിക്കുന്ന ക്‌നാനായോളജിയുടെ പ്രഥമ വാര്‍ഷിക സമ്മേളനം ചേര്‍പ്പുങ്കല്‍ മുത്തോലത്ത്‌ നഗറിലെ ഇംപാക്‌ട്‌ സെന്ററില്‍ ചേര്‍ന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും തങ്ങളുടെ ചരിത്രവും പാരമ്പര്യങ്ങളും ആചാരങ്ങളും മനസ്സിലാക്കുകയും പ്രസ്‌തുത ചൈതന്യം തലമുറകള്‍ക്ക്‌ കൈമാറുകയും ചെയ്യുകയെന്നത്‌ സുപ്രധാനമാണെന്ന്‌ ഉദ്‌ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. നമുക്കുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും പൈതൃകങ്ങളുമെല്ലാം പൂര്‍വ്വികര്‍ കാത്തുസംരക്ഷിച്ചതുകൊണ്ടാണ്‌ നമുക്ക്‌ കരഗതമായത്‌. ഇവ വരും തലമുറയ്‌ക്ക്‌ പ്രത്യേകിച്ച്‌ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പഠനവിധേയമാക്കുവാനും അവയെ സ്‌നേഹിക്കുവാനുമുള്ള കരുത്തു പകരുവാനും ക്‌നാനായ ഗ്ലോബല്‍ ഫൗണ്ടേഷനു നേതൃത്വത്തില്‍ രൂപം നല്‍കിയിരിക്കുന്ന ക്‌നാനായോളജിയിലൂടെ സാധിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ആമുഖസന്ദേശം നല്‍കി. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ തമ്പി എരുമേലിക്കര, ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. മേഴ്‌സി ജോണ്‍, ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ പ്രസിഡന്റ്‌ ലിബിന്‍ പാറയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു. ക്‌നാനായ ഗ്ലോബല്‍ ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ജെയ്‌മോന്‍ നന്ദികാട്ട്‌ ക്‌നാനായോളജിയുടെ പ്രവര്‍ത്തന സാധ്യതകള്‍ അവതരിപ്പിച്ചു. കോട്ടയം അതിരൂപതയിലെ കാര്‍ട്ടിന്റെയും ജെറ്റിന്റെയും സഹകരണത്തോടെയാണ്‌ ക്‌നാനായ ഗ്ലോബല്‍ ഫൗണ്ടേഷന്‍ പതിനേഴ്‌ നൂറ്റാണ്ട്‌ ചരിത്ര പാരമ്പര്യമുള്ള ക്‌നാനായക്കാരുടെ അമൂല്യ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍, പൗരാണിക രേഖകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഗാനങ്ങള്‍ മുതലായവ ശേഖരിച്ച്‌ നഷ്‌ടപ്പെടാതെ സൂക്ഷിക്കുവാനും ലോകമാസകലമുള്ള ചരിത്ര പഠിതാക്കള്‍ക്കും സമുദായ സ്‌നേഹികള്‍ക്കും ഓണ്‍ലൈനായി സംലഭ്യമാക്കാനും ക്‌നാനായോളജി എന്ന ഉദ്യമത്തിലൂടെ പ്രയത്‌നിച്ചു വരുന്നത്‌. ക്‌നാനായോളജിയുടെ നവീകരിച്ച വെബ്‌സൈറ്റും സമ്മേളനത്തില്‍ പ്രകാശനം ചെയ്‌തു. അതിരൂപതയിലെ വൈദിക പ്രതിനിധികള്‍, സന്യസ്‌തര്‍, സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

Read Next

കോവിഡ് മൃതസംസ്കാര ശുശ്രുഷക്ക് കെ.സി.വൈ.എല്‍ മലബാര്‍ ടാസ്ക് ഫോഴ്സ് നേതൃത്വം നല്‍കി .