കോട്ടയം: ലോകവനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് 8 ന് വൈകുന്നേരം 6 മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സൂം ആപ്ലിക്കേഷനില്‍ സംഘടിപ്പിച്ച വനിതാദിന സംഗമത്തില്‍ അതിരൂപതയിലെ എല്ലാ യൂണിറ്റ് ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സംഗമം ഉദ്‌ഘാടനം ചെയ്‌തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കി. വനിതാ ലീഡേഴ്‌സ് തങ്ങളുടെ പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവച്ചു. പ്രൊഫസര്‍ മേരി റെജീന ക്ലാസ്സ് നയിച്ചു. അതിരൂപതയിലെ 80 യൂണിറ്റുകളില്‍ നിന്നുള്ള അഞ്ഞൂറിലധികം വനിതകള്‍ സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് സ്‌ത്രീ ജന്മം പുണ്യജന്മമോ എന്ന വിഷയത്തില്‍ പ്രസംഗമത്സരം സംഘടിപ്പിക്കുകയുണ്ടായി.