
കോട്ടയം: സ്വാശ്രയ സംഘങ്ങള്‍ സ്വയം പര്യാപ്തതയ്ക്കുള്ള മാര്‍ഗ്ഗദീപങ്ങളാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാര്‍ മാത്യൂ മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവനവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വ വാസനയെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സമഗ്രമായ വളര്‍ച്ചയ്ക്ക് സ്വാശ്രയ സംഘങ്ങള്‍ വഴിയൊരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ ശാക്തീകരണ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ സ്വാശ്രയസംഘങ്ങള്‍ക്ക് സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന നയ്‌റോഷിനി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമത്തോടനുബന്ധിച്ച് നേതൃത്വ പാടവത്തെക്കുറിച്ചും സ്വാശ്രയസംഘങ്ങളുടെ പ്രസക്തിയെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു.