Breaking news

സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: സ്ത്രീ സമൂഹത്തെ അറിയുവാനും അംഗീകരിക്കുവാനും വനിതാ ദിനാചരണങ്ങള്‍ വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് .  അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ സന്ദേശവുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷ പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷപദം അലങ്കരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് നിസ്തുലമാണെന്നും പ്രതിസന്ധികളില്‍ തളരാതെ മുന്‍പേട്ടുപോകുവാനുള്ള കരുത്ത് പകരുവാന്‍ സ്ത്രീ സമൂഹത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വികസന ചിന്താഗതികളാണ് സമൂഹം പിന്തുടരേണ്ടതെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, നബാര്‍ഡ് കോട്ടയം ജില്ലാ ഡെവലപ്പ്‌മെന്റ് മാനേജര്‍ ദിവ്യ കെ.ബി, കോട്ടയം ജില്ലാ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അസി. ജനറല്‍ മാനേജര്‍ പ്രീതി ജോസഫ്, കോട്ടയം അതിരൂപതയിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹം മദര്‍ ജനറാള്‍ സിസ്റ്റര്‍ കരുണ എസ്.വി.എം, കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ് ജനറല്‍ മിസ്സ് ലിസ്സി ജോണ്‍ മുടക്കോടില്‍, ക്‌നാനായ കാത്തലിക് വുമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ മൂലക്കാട്ട്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം ബി.സി.എം കോളേജ് പ്രിന്‍സിപ്പല്‍ റ്റീന അന്ന തോമസ് കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍, വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ സെക്രട്ടറി ലിസ്സി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത കെ.എസ്.എസ്.എസ് സ്വാശ്രയസംഘ വനിതകളെ മാര്‍ മാത്യു മൂലക്കാട്ട്  പിതാവ് ആദരിച്ചു. കൂടാതെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്ത്രീശാക്തീകരണ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുടെ പ്രകാശന കര്‍മ്മവും സ്ത്രീശാക്തീകരണ മാതൃക പകര്‍ന്നു നല്‍കുന്ന പ്രച്ഛന്നവേഷ മത്സരവും നടത്തപ്പെട്ടു. വനിതകള്‍ക്കായി സംഘടിപ്പിച്ച ചാക്കിലോട്ടം, സ്‌കൂട്ടര്‍ സ്ലോ റെയ്‌സ് എന്നീ മത്സരങ്ങളോടെയാണ് ദിനാഘോഷത്തിന് തുടക്കമായത്. സ്‌കൂട്ടര്‍ സ്ലോ റെയ്‌സ് മത്സരത്തില്‍  കടുത്തുരുത്തി മേഖലയിലെ കോതനെല്ലൂര്‍ ഗ്രാമത്തിലെ പ്രിന്‍സി തോമസും ഇടയ്ക്കാട്ട് മേഖലയിലെ സംക്രാന്തി ഗ്രാമത്തിലെ റൂഫി മാത്യുവും ചാക്കിലോട്ടമത്സരത്തില്‍ കടുത്തുരുത്തി മേഖലയിലെ അറുനൂറ്റിമംഗലം  ഗ്രാമത്തിലെ ബൈജി ബിനോയിയും ഇടയ്ക്കാട്ട് മേഖലയിലെ കാരിത്താസ് ഗ്രാമത്തിലെ അനുമോള്‍ വി.എസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  സ്ത്രീശാക്തീകരണ സെമിനാറിന് പ്രൊഫ. റോസമ്മ സോണി നേതൃത്വം നല്‍കി. ദിനാഘോഷ പരിപാടികളുടെ ഭാഗമായി കെ.എസ്.എസ്.എസ് യുവകേരളം  തൊഴില്‍ നൈപുണ്യ വികസന പരിശീലന പരിപാടിയിലെ പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

പ്രേക്ഷിത കുടിയേറ്റ അനുസ്‌മരണവും ക്‌നായിതോമ ദിനാചരണവും നടത്തി

Read Next

UKKCA യുടെ ക്നായിത്തൊമ്മൻ ഓർമ്മദി നാചരണത്തിന് ഇനി പത്ത് ദിവസങ്ങൾ മാത്രം