Breaking news

ക്‌നായിത്തൊമ്മന്‍ ദിനാചരണം സമുദായ ഉണര്‍വിന്റെ ശംഖുനാദം

ലേവി പടപുരയ്ക്കല്‍

ക്‌നായിത്തൊമ്മന്‍ ഓര്‍മദിനാചരണം എന്ന ആശയവും അതിന്റെ പ്രസക്തിയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ കോട്ടയം അതിരൂപതക്കുള്ളില്‍ ആദ്യമായി അവതരിപ്പിച്ച വ്യക്തിയാണ് യു.കെ.കെ.സി.എ. മുന്‍ പ്രസിഡന്റ് കൂടിയായ ലേഖകന്‍.

കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂരിലെ കുടിയേറ്റ ദിനമായ മാര്‍ച്ച് 7 നും യു.കെ.യിലെ സഭാ സമുദായ സംഘടനയായ യു.കെ.കെ.സി.എ. യുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20 നും ക്‌നായിത്തൊമ്മന്‍ ഓര്‍മദിനാചരണം സംഘടിപ്പിക്കുകയാണല്ലോ. അതിരൂപതയിലെ വികാരിജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ അനേകം വൈദികരും സന്യസ്ഥരും അല്‍മായരും ഒന്നുചേര്‍ന്ന് ക്‌നായിത്തോമ്മായും ഉറഹാമാര്‍ യൗസേപ്പും വന്നിറങ്ങിയ പുണ്യഭൂമിയായ കൊടുങ്ങല്ലൂരില്‍വച്ച് ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സമുദായം ഒന്നാകെ സന്തോഷപുളകിതരാകും എന്നതില്‍ സംശയമില്ല.

ചരിത്രപുസ്തകങ്ങളില്‍ ക്‌നായിത്തോമ്മാ 83 വയസ്സ് വരെ ജീവിച്ചിരുന്നു എന്ന് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ജനനദിവസവും മരണദിവസവും വ്യക്തമായി ഒരുഭാഗത്തും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് മാത്രമാണ് കുടിയേറ്റ ദിവസമായ മാര്‍ച്ച് 7 ക്‌നായിത്തൊമ്മന്‍ ദിനമായി ആചരിക്കുവാന്‍ അതിരൂപതാ നേതൃത്വം തീരുമാനം എടുത്തിരിക്കുന്നത്.സഭയും സമുദായവും ഒന്നുചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഒരു ക്‌നാനായ ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം വിശ്വാസത്തില്‍ ആഴപ്പെടുക എന്നതാണ് ആദ്യത്തെ ചുമതല. അതുകൊണ്ട് തന്നെയാണ് ക്നായി തോമയുടെ കുടിയേറ്റശേഷം താമസംവിനാ പള്ളിപണിയുവാന്‍ തറക്കല്ലിട്ടത്. മാമോദീസായിലൂടെ യേശുവിന്റെ സഭയില്‍ അംഗമായിത്തീര്‍ന്ന ഒരുവന്‍ യേശുവിന്റെ പ്രബോധനമനുസരിച്ച് ജീവിച്ച് മരിച്ച് നിത്യരക്ഷ പ്രാപിക്കുക എന്നതാണ് വിശ്വാസത്തിന്റെ സാരാംശം.

വിശ്വാസത്തോടൊപ്പം സാമുദായികാനുഷ്ഠാനങ്ങളില്‍ ജീവിക്കുന്ന ഒരുവന്‍ തങ്ങളുടേതായ വ്യതിരക്തതക്ക് മാറ്റം വരുത്താതെ സഭാധികാരികളുടെ നിര്‍ദ്ദേശോപദേശങ്ങള്‍ കൂടി സ്വീകരിക്കുവാന്‍ ബാധ്യസ്ഥനുമാണ്. നിയമവും അനുസരണവും ഇല്ലാത്ത ഏത് വ്യവസ്ഥിതിയും അത് രാഷ്ട്രം, മതം, സഭ, സമുദായം, സംഘടന, കുടുംബം ഏതും ആകട്ടെ കാലക്രമേണ ദുര്‍ബലമായി നാശമടയുന്ന സ്ഥിതിവിശേഷം ഈ വര്‍ത്തമാനകാലത്ത് കൂടുതലായി നമ്മള്‍ കണ്ടുവരുന്നു.പഴയനിയമത്തിലെ പുറപ്പാടു പുസ്തകത്തില്‍ യഹോവയായ ദൈവം തന്റെ സ്വന്തം ജനമായ ഇസ്രായേല്‍ മക്കള്‍ക്ക് നല്‍കിയ നിയമങ്ങളും ചട്ടങ്ങളും പ്രമാണങ്ങളും അനുസരിച്ച് ജീവിച്ചപ്പോള്‍ അനുഗ്രഹങ്ങളും അഭിവൃദ്ധിയും എന്നാല്‍ ഇത് മറന്ന് ജീവിച്ചപ്പോള്‍ അവരെ ശിക്ഷിക്കുന്നതും വീണ്ടും പശ്ചാത്തപിച്ച് തിരിച്ച് വരുമ്പോള്‍ ധാരാളം അനുഗ്രഹങ്ങള്‍ നല്‍കുന്നതുമായ നിരവധി സംഭവങ്ങള്‍ വചനത്തില്‍ ഉടനീളം കാണാം.

വിശ്വാസജീവി്തത്തിനൊപ്പം തന്നെ ഒരു ക്നാനയക്കാരൻ എന്ന നിലയില്‍ സമുദായത്തിലെ ഓരോ വ്യക്തികളേയും സ്വന്തം നെഞ്ചോട് ചേര്‍ത്തുവച്ച് സ്‌നേഹിക്കുവാന്‍ ബാധ്യസ്ഥനുമാണ്. പക്ഷേ അത് ഇതര ക്രൈസ്തവ വിഭാഗങ്ങളോടോ ക്രൈസ്തവേതര വിഭാഗങ്ങളോടോ വെറുപ്പും വിദ്വേഷവും പുലര്‍ത്തിക്കൊണ്ട് ആവരുത് എന്ന് മാത്രം. സമുദായത്തിന്റെ സത്വബോധവും സ്വവംശവിവാഹനിഷ്ഠയുടെ പ്രാധാന്യവും പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കുവാന്‍ ലോകവും കാലവും മാറിയ ഈ ജീവിതസങ്കീര്‍ണതക്കുള്ളില്‍ മാതാപിതാക്കള്‍ക്കു കഴിയാതെ പോകുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിച്ചേ പറ്റൂ. ഇത് തന്നെയാണ് നമ്മുടെ പ്രധാന പ്രതിസന്ധിയും. ഇതിന് ഒരു പരിധിവരെയുള്ള പരിഹാരം ക്‌നായിത്തോമായെ യഥാംവിധം പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്. സത്യവിശ്വാസത്തിനുവേണ്ടി അദ്ദേഹം അനുഭവിച്ച ജീവിത സഹനം ഇന്നോളം സമുദായത്തിലെ ഒരംഗവും അനുഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. പ്രേക്ഷിത കുടിയേറ്റ യാത്രയില്‍ അദ്ദേഹം അനുഭവിച്ച യാതനകള്‍ ഭാഗീകമായെങ്കിലും മനസ്സിലാക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ അടുത്തറിയുവാന്‍ സാധിക്കുക.വാര്‍ത്താവിനിമയ ബന്ധം പോലും ഇല്ലാതിരുന്ന അന്നത്തെ ഇരുണ്ട കാലഘട്ടത്തിൽ ഒട്ടനവധി പ്രതിസന്ധികളെ ക്‌നായിത്തോമ്മായ്ക്ക് തരണം ചെയ്യേണ്ടതുണ്ടായിരുന്നു. പിറന്ന വീടും വളര്‍ന്ന നാടും പഠനവും ജോലിയും പൂര്‍വ്വപാരമ്പര്യങ്ങളും എല്ലാം വിട്ട് അപരിചിതമായ അന്യദേശത്തേക്ക് യാത്രതിരിക്കുവാന്‍ കൂട്ടത്തിലുള്ളവരെ പ്രാപ്തരാക്കുക എന്നത് എത്രയോ സങ്കീര്‍ണ്ണതകള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാവണം. ഭാരമൃഗങ്ങളെ തയ്യാറാക്കി മരുഭൂമിയിലൂടെ ദീര്‍ഘയാത്ര ചെയ്ത് വേണമായിരുന്നു കടല്‍തീരത്തേക്ക് എത്തുവാന്‍. യാത്രക്കാവശ്യമായ വസ്ത്രവും വെള്ളവും ഭക്ഷണവും മരുന്നും പണവും വൈദ്യസഹായവും എന്നുവേണ്ട കരയിലും കടലിലുമുള്ള കൊള്ളക്കാരെയും നേരിടുന്നതിനുള്ള അതിവിപുലമായ സന്നാഹം അദ്ദേഹത്തിന് കാലേകൂട്ടി ഒരുക്കേണ്ടതുണ്ടായിരുന്നു. ദുര്‍ഘടമായ ഈ യാത്രയിലും അദ്ദേഹത്തെ നയിച്ചത് സ്വതസിദ്ധമായുണ്ടായിരുന്ന ദൃഢനിശ്ചയവും അര്‍പ്പണബോധവും കഠിനാദ്ധ്വാനവും ദൈവാശ്രയബോധവുമായിരുന്നു. ഏറെനാളുകള്‍ ദീര്‍ഘിച്ച യാത്രയിലും എല്ലാദിവസവും ഒരു സമൂഹമായിച്ചേര്‍ന്നു ഉറഹാമാര്‍ യൗസേപ്പിന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചിരുന്നു എന്ന് ചരിത്രപുസ്തകങ്ങളില്‍ കാണുന്നുണ്ട്. ആത്മീയജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുവാന്‍ വ്യക്തമായ വൈദിക അല്‍മായ പങ്കാളിത്തം തുടക്കത്തില്‍ തന്നെ ക്‌നാനായ സമുദായത്തിന് ഉണ്ടായിരുന്നു എന്നതിന്റെ ആദ്യത്തെ തെളിവാണ് ഇത്. മൂന്ന് പായ്ക്കപ്പലുകളിലായി രണ്ട് മാസത്തോളം ദീര്‍ഘിച്ച ഈ യാത്രയെ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാഹസിക പ്രേഷിതയാത്രയായി വിശേഷിപ്പിക്കപ്പെട്ടു.കുടിയേറ്റശേഷം ജനത്തെ പുതിയമണ്ണില്‍ വിന്യസിപ്പിക്കുവാനും കുടിയേറ്റ സംഘത്തിലുണ്ടായിരുന്ന ആദ്ധ്യാത്മിക നേതൃത്വത്തെ വേണ്ടവിധം ക്രമപ്പെടുത്തുവാനും അതിശക്തമായ ഉച്ചനീചത്വം
നിലനിന്നിരുന്ന ഒരു വ്യവസ്ഥിതിക്കുള്ളില്‍ കുടിയേറ്റജനത്തിന് സര്‍വ്വസ്വാതന്ത്രരങ്ങളും ചേരമാന്‍ രാജാവില്‍നിന്നു വാങ്ങിയെടുക്കുവാനും നിരവധി പ്രതിസന്ധികള്‍ അദ്ദേഹത്തിന് തരണം ചെയ്യേണ്ടതായും വന്നു.ക്‌നായിത്തോമ്മായുടെ വരവിനുശേഷം മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കും ക്‌നാനായക്കാര്‍ക്കൊപ്പം അധികാരങ്ങളും പദവികളും നേടിക്കൊടുത്ത ധിക്ഷണാശാലിയായിരുന്നു ക്‌നായിത്തോമ്മാ. സ്വാര്‍ത്ഥതയുടെ തെല്ലൊരംശവും കടന്ന് വരാതെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുവാന്‍ അഹോരാത്രം കഷ്ടപ്പെട്ട ക്‌നായിത്തോമ്മാ സീറോമലബാര്‍ സഭയ്ക്ക് ശക്തമായ അടിത്തറ പാകുവാന്‍ ഇടവരുത്തി.

രക്തസാക്ഷിത്വം വരിച്ചില്ലെങ്കില്‍ക്കൂടിയും വിശ്വാസ പ്രഘോഷണത്തിലൂടെയും സഹന ജീവിതത്തിലൂടെയും യേശുവിന് യഥാംവിധം സാക്ഷ്യം വഹിച്ച യേശുവിന്റെ ധീരപോരാളി തന്നെയായിരുന്നു ക്‌നായിത്തോമ്മാ. സഭയേയും സമുദായത്തേയും സ്‌നേഹിച്ച ഈ യുഗപ്രഭാവന് എല്ലാവര്‍ഷവും കുടിയേറ്റദിനമായ മാര്‍ച്ച് 7 ന് അദ്ദേഹത്തിന്റെ ഓര്‍മ്മദിനം സമുദായത്തിന്റെ കെട്ടുറപ്പിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെ ആചരിക്കുവാനുള്ള തീരുമാനം ഏറെ ഉചിതമായി . കേരള സഭയിലെ രണ്ടാമത്തെ അപ്പസ്‌തോലന്‍ എന്നു നിസ്തര്‍ക്കം വിശേഷിപ്പിക്കാവുന്ന ക്‌നായിത്തോമ്മാ ഇതിന് തികച്ചും അര്‍ഹനാണ്.“ഇന്നോളമുള്ള ക്‌നാനായ സമുദായ ചരിത്രത്തിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും നിലനില്‍പ്പിനുമുള്ള അടിസ്ഥാന കാരണം പരസ്പര സ്‌നേഹവും അംഗീകാരവും പ്രോത്സാഹനവും ഒപ്പം കോട്ടയം അതിരൂപതയിലെ വൈദിക സന്യസ്ഥ അല്‍മായര്‍ തമ്മിലുള്ള സുദൃഢബന്ധവുമാണ് “. ഇക്കാര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ പോരായ്മകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുവാനും പൂര്‍വാധികം വിശ്വാസത്തിനൊപ്പം ശക്തിയോടെ സമുദായ ഐക്യം സംരക്ഷിക്കുവാനും ക്‌നാനായിത്തൊമ്മന്‍ ദിനാചരണത്തിലൂടെ ഇടവരും എന്നും ഉറപ്പായി വിശ്വസിക്കുകയും അതിനായി സഭാസമുദായ അംഗങ്ങളായ നമുക്കോരോരുത്തര്‍ക്കും പരിശ്രമിക്കുകയും ചെയ്യാം.

Facebook Comments

knanayapathram

Read Previous

കൈപ്പുഴ: സെന്‍റ് തോമസ് അസൈലാംഗമായ അച്ചാമ്മ ജോസഫ് (80) നിര്യാതയായി

Read Next

യു കെ കെ സി വൈ എൽ സ്നേഹ സല്ലാപം