കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും അംഗീകാരവും ആദരവും ലഭ്യമാക്കുവാന്‍ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി
വഴിയൊരുക്കിയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച നേതൃസംഗമത്തിന്റെയും പഠന ശിബിരത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തെ പുനക്രമീകരിച്ച് മുന്നേറുവാന്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി റോയി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തെ ആസ്പദമാക്കി സെമിനാറും കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഠന ശിബിര പരിപാടിയ്ക്ക് സമൂഹ്യപ്രവര്‍ത്തക സിസ്റ്റര്‍ കീര്‍ത്തന എസ്.ജെ.സി നേതൃത്വം നല്‍കി.