കോട്ടയം: ഗ്രാമീണ യുവജനങ്ങള്‍ക്ക് ശാസ്ത്രീയ തൊഴില്‍ പരിശീലനം ലഭ്യമാക്കി തൊഴില്‍ അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന യുവകേരളം തൊഴില്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, യുവകേരളം പദ്ധതി പരിശീലനാര്‍ത്ഥി ജോസ്‌ന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേറ്റ് ഡെസ്‌ക് ടോപ്പ് പബ്‌ളിഷിംഗ് (ഡി.റ്റി.പി) കോഴ്‌സില്‍ മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 30 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയോടനുബന്ധിച്ച് കമ്പ്യൂട്ടര്‍ പരിഞ്ജാനം, സോഫ്റ്റ് സ്‌കില്‍, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ക്ലാസ്സുകളും നല്‍കിയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ്, റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ കോഴ്‌സുകളിലും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിക്കും.
ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063