Breaking news

കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുത് – മാര്‍ മാത്യൂ മൂലക്കാട്ട്

കോട്ടയം: കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുതാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളോടൊപ്പം കാര്‍ഷിക സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലാസിം സംഘടനയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാര്‍ഷിക സമുദ്ധാരണ പദ്ധതിയുടെ ഭാഗമായി കര്‍ഷകസംഘങ്ങള്‍ക്ക് സംഘകൃഷി പ്രോത്സാഹനത്തിന് സബ്‌സിഡിയോടൊപ്പം പലിശ രഹിത വായ്പയുമായി ലഭ്യമാക്കുന്ന ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയ്ക്കും കൂട്ടായ പരിശ്രമങ്ങളിലൂടെയും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും ഭക്ഷ്യസുരക്ഷ കൈവരിക്കുവാനും കഴിയണമെന്നും കാര്‍ഷിക മേഖലയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ നേടിയെടുത്ത് മികച്ച ഉത്പാദനം സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം ജില്ലയിലെ പാലത്തുരുത്ത്, പുതിയ കല്ലറ, എസ്.എച്ച് മൗണ്ട്, മറ്റക്കര, അറുനൂറ്റിമംഗലം എന്നീ ഗ്രാമങ്ങളിലെ കര്‍ഷക സംഘങ്ങള്‍ക്കാണ് ധനസഹായം ലഭ്യമാക്കിയത്. കപ്പ, വാഴ, പച്ചക്കറി, നെല്‍കൃഷി തുടങ്ങിയവയ്ക്കാണ് ധനസഹായം ലഭ്യമാക്കിയത്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിലുള്ള മറ്റ് കര്‍ഷക സംഘങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭ്യമാക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Facebook Comments

Read Previous

ലോകമെമ്പാടുമുള്ള ക്നാനായകാർ ക്നായിതോമായുടെ ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി 40 ദിനങ്ങൾ മാത്രം.

Read Next

കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നടത്തി