കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന മാര്‍ഗ്ഗത്തിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമീണ ആട് വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി മലബാറി ഇനത്തില്‍പ്പെട്ട ആട്ടിന്‍കുട്ടികളെയാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വ്വഹിച്ചു. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ ഉപവരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുവാനുള്ള പരിശ്രമങ്ങള്‍ സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണവും പ്രോത്സാഹനവും ലഭ്യമാക്കണമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.എം. ചാക്കോ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു.