ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു . ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ്.
അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു
ഇടുക്കി ജില്ലയിൽ പടമുഖം മുരിക്കാശ്ശേരിക്ക് സമീപം സ്ഥാപിതമായിരിക്കുന്ന സ്നേഹമന്ദിരം എന്ന സ്ഥാപനം തുടക്കംകുറിക്കുന്നത് 1995ലാണ് . സ്നേഹ ട്രസ്റ്റ് എന്ന പേരിൽ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുമ്പോൾ ഇതിൻറെ സ്ഥാപകനായ ശ്രീ രാജുവിന് സ്വന്തമായുണ്ടായിരുന്നത് മൂന്ന് സെൻറ് സ്ഥലവും ഭാര്യ ഷൈനിയും മൂന്നു മക്കളും അടങ്ങുന്ന ഒരു കുടുംബവും ആയിരുന്നു.മൂന്ന് അഗതികളും ഏഴുകിലോ അരിയും ആയിരുന്നു സ്നേഹമന്ദിരത്തിൻറെ ആദ്യ സമ്പാദ്യം സ്വന്തമായി ഒരു ഭവനം പോലുമില്ലാതിരുന്ന രാജു തൻറെ ഭവനമായി കെട്ടിപ്പടുത്തത് ആണ് സ്നേഹ മന്ദിരം മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരവേ വഴിയിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ കണ്ടപ്പോൾ തന്റെ ഉള്ളിലും ആ പാവപ്പെട്ട മനുഷ്യന്റെ ഉള്ളിലും വസിക്കുന്നത് ഒരു ജീവനാണ് എന്ന തോന്നലിൽനിന്നാണ് സ്നേഹ മന്ദിരം എന്ന അഗതിമന്ദിരത്തിന് തുടക്കം കുറിക്കുവാൻ രാജുവിന് പ്രേരണ ഉണ്ടായത്. 25 വർഷം പിന്നിടുമ്പോൾ സ്നേഹ മന്ദിരത്തിന് 3500ലധികം മനുഷ്യ ജീവിതങ്ങൾക്ക് ജാതിമതഭേദമന്യേ അഭയം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ദൈവപരിപാലന ഒന്നുകൊണ്ടുമാത്രമാണ് ഇത്രയധികം ബുദ്ധിമുട്ടുകളിലും വേദനകളിലും പ്രാർത്ഥനയിൽ ആശ്രയിച്ച് മുന്നോട്ടു പോകുവാൻ ഈ 25 വർഷക്കാലം സ്നേഹം മന്ദിരത്തിന് സാധിച്ചത് . സ്നേഹമന്ദിരത്തിൽ ഇപ്പോൾ മാനസിക അസ്വസ്ഥതകളും അംഗവൈകല്യങ്ങളും പ്രായാധിക്യത്താൽ വലയുന്നവരുമായ 309 അഗതികൾ കഴിയുന്നു ഇവരെക്കൂടാതെ പഠിക്കുന്ന 52 കുട്ടികളും സ്നേഹമന്ദിരത്തിൽ കഴിയുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ നഴ്സിങ് വരെ പഠിക്കുന്ന കുട്ടികൾ സ്നേഹമന്ദിരത്തിന് കീഴിലുണ്ട് .സ്നേഹ ട്രസ്റ്റ് രജിസ്ട്രേഷൻ കീഴിൽ ഗവൺമെൻറ് അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സ്നേഹ മന്ദിരം സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെൻറർ പുരുഷന്മാരെയും സ്ത്രീകളെയും തിരിച്ചു പാർപ്പിക്കുവാൻ സാധിക്കുന്നു. കൂടാതെ കുട്ടികൾക്കായി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സെന്റ് ആന്റണീസ് ബോയ്സ് ഹോം ആൺകുട്ടികൾക്ക് ആയും സ്നേഹമാതാ ബാലമന്ദിരം പെൺകുട്ടികൾക്ക് ആയും പ്രവർത്തിക്കുന്നു. സ്നേഹ മന്ദിരത്തിൽ കഴിയുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി മദർതെരേസ ടൈലറിംഗ് യൂണിറ്റ് . സെൻറ് ജോസഫ് പേപ്പർ കവർ യൂണിറ്റ് , സ്നേഹം മാതാ മെഴുക് തിരി യൂണിറ്റ്, കൃഷി, മൃഗപരിപാലനം തുടങ്ങി രോഗാവസ്ഥയിലുള്ള വരുടെ പുനരധിവാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ദൈവമഹത്വത്തിന് സ്നേഹതാഴ്‌വര എന്ന ആദ്ധ്യാത്മിക മാസികയും നടത്തിവരുന്നു വർഷങ്ങൾക്കു മുൻപ് സ്നേഹ മന്ദിരം സന്ദർശിച്ച ക്യാൻസർ രോഗിയായ ലാസർ നൽകിയ ആദ്യ സംഭാവന വഴി സ്നേഹതാഴ്‌വര തുടക്കം കുറിക്കുന്നത് .സ്നേഹ മന്ദിരത്തിൽ നിന്ന് രോഗികളായി മരണമടഞ്ഞു പോയ മക്കളുടെ ഓർമ്മയ്ക്കു വേണ്ടി സ്ഥാപിച്ചതാണ് സെൻറ് ജോസഫ് ശുശ്രൂഷാലയം എന്ന സിൽവർ ജൂബിലി മന്ദിരം സ്നേഹമന്ദിരത്തിൽ വച്ച് മരണമടഞ്ഞ പ്രിയപ്പെട്ട ജോസഫ് എന്ന മകൻറെ ഓർമ്മയ്ക്കാണ് ഈ ഭവനത്തിനു സെൻറ് ജോസഫ് ശുശ്രൂഷാലയം എന്ന പേര് നൽകിയത് . ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ നിയമ പരിപാലനത്തിനായി ഗവൺമെൻറ് അംഗീകാരത്തോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാഷണൽ ട്രസ്റ്റ് ഇടുക്കി ജില്ലയുടെ കൺവീനറായും ഓർഫനേജ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായും ജില്ലാ പ്രസിഡന്റായും മാനസ രോഗികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കെ എഫ് സി എം ടി യുടെ സംസ്ഥാന വൈസ് പ്രസിഡന്റായും ഇപ്പോൾ ബ്രദർ രാജു പ്രവർത്തിക്കുന്നു.സുമനസ്സുകളുടെ സഹായത്താൽ പ്രളയം വഴി കിടപ്പാടം നഷ്ടപ്പെട്ട 9 കുടുംബങ്ങൾക്ക് ഈ ജൂബിലി വർഷം ഭവനം പണിത് കൊടുക്കുവാൻ സ്നേഹമന്ദിരത്തിന്റെ പ്രവർത്തനം വഴി സാധിച്ചു.കിടങ്ങൂർ വട്ടക്കാട്ട്പുറത്ത് വീട്ടിൽ സൈമൺ മറിയം ദമ്പതികളുടെ എട്ടാമത്തെ മകനായ രാജു വി സി തന്റെ ജിവിതം ദൈവിക പദ്ധതിക്കായി മാറ്റിവച്ചപ്പോൾ ദൈവം സ്ഥാപിച്ച ഭവനമാണ് സ്നേഹമന്ദിരം, രാജു ഈ ഭവനത്തെ കാവൽക്കാരൻ മാത്രം രാജുവും കുടുംബവും തങ്ങളുടെ സ്വന്തം കുടുംബം ആയിട്ട് സ്നേഹമന്ദിരത്തെ സ്നേഹിക്കുന്നത് മൂലമാണ് ഭവനത്തിന് തിരുക്കുടുംബത്തിന്റെ അനുഗ്രഹം ഉണ്ടാകുന്നത് എന്ന് ഉറച്ചു വിശ്വസിക്കുന്നു പ്രാർത്ഥന മാത്രമാണ് സ്നേഹത്മന്ദിരത്തിന്റെ മുതൽക്കൂട്ട്.
വി സി രാജുവിന് വോട്ട് ചെയ്യുവാൻ ദയവായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വി സി രാജുവിനെകുറിച്ചും സ്നേഹമന്ദിരത്തിന്റെ പ്രവർത്തനത്തെകുറിച്ചും കൂടുതൽ അറിയുവാൻ ദയവായി താഴെ കാണുന്ന വിഡിയോ കാണുക