ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു . ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ്.
ഫാ.സണ്ണി മാവേലിൽ
മാനവികതയുടെയും മനുഷ്യത്വത്തിന്റെയും സമര്‍പ്പണ ജീവിതത്തിന്റെയും പ്രതീകമായി ഫാ. സണ്ണി മാവേലിൽ കൂടല്ലൂര്‍ ഇടവകാംഗം ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ആറ് മക്കളില്‍ മൂന്നാമനായി 1964 ഫെബ്രുവരി 10 ന് ജനിച്ചു. കൂടല്ലൂര്‍ സെന്റ് ജോസഫ് സ്‌കൂള്‍, കിടങ്ങൂര്‍ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ ജീവിതാന്തസ്സ് പൗരോഹിത്യത്തിലേക്കുള്ള വിളിയാണെന്ന് തിരിച്ചറിഞ്ഞ് സെമിനാരി വിദ്യാഭ്യാസം ആരംഭിച്ചു. ഷില്ലോങ്ങിലെ ക്രൈസ്റ്റ് കോളേജിലും ഓറിയന്‍സ് കോളേജിലുമായി വൈദീക പഠനം പൂര്‍ത്തിയാക്കി. മേഖാലയായിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ തന്റെ പുരോഹിത ശുശ്രൂഷ നിര്‍വ്വഹിച്ചു. ഇപ്പോള്‍ മേഖാലയായിലെ രൂറാ രൂപതയുടെ സാമൂഹ്യസേവന വിങ് ആയ BAKDIL (NGO) ന്റെ ഡയറക്ടര്‍ ആയി സേവനം ചെയ്തുവരുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മേഖലയിലെ ഉള്‍നാടന്‍ ഗ്രാമീണരുടെയും ആദിവാസികളുടെയും ഇടയില്‍ ദീര്‍ഘകാലം സേവനം ചെയ്തപ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യം തന്റെ പൗരോഹിത്യ ശുശ്രൂഷ സുവിശേഷ പ്രഘോഷണത്തിലും, കൂദാശാ നിര്‍വ്വഹണത്തിലും മാത്രം ഒതുക്കി നിര്‍ത്തേണ്ട ഒന്നല്ല എന്നതാണ്. വിശക്കുന്ന വയറിന്, ഒരു നേരത്തെ ആഹാരമില്ലാത്തവര്‍ക്ക്, മലേറിയ എന്ന പകര്‍ച്ചവ്യാധിയാല്‍ ചികിത്സ ലഭിക്കാതെ മരിച്ച് വീഴുന്നവര്‍ക്കും, ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ മരിച്ചുവീഴുന്ന കാഴ്ചകളും കണ്ട് മനസ്സ് പിടഞ്ഞപ്പോള്‍ അവര്‍ക്ക് വേണ്ടി തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെയും അധികാരികളുടെ അനുവാദത്തോടെയും മദ്രാസ് ലയോള കോളേജില്‍ ചേര്‍ന്ന് MSW പഠിക്കുകയും ഒന്നാം റാങ്കോടെ പാസ്സാകുകയും ചെയ്തു. തുടര്‍ന്ന് UK യിലെ ബര്‍മിംഗാം സിറ്റി കൗണ്‍സിലില്‍ പ്രവൃത്തിപരിചയം നേടുകയും ചെയ്തു. ഗ്രാമീണ പുനരുത്ഥാനത്തിനായി മേഖാലയ ഗവണ്മെന്റിന്റെ സഹായത്തിനായി BAKDIL സോഷ്യല്‍ സര്‍വ്വീസ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. മലേറിയ സ്‌ക്രീനിംഗ്, മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാം (MEP) , കുടിവെള്ള പദ്ധതി, റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലങ്ങളില്‍ റോഡുകള്‍ സ്ഥാപിച്ചു നല്‍കുക എന്നിവ അവയില്‍ ചിലതുമാത്രം. ജനങ്ങളുടെ പുനരുദ്ധാരണത്തെ ലക്ഷ്യമാക്കി പണികഴിപ്പിച്ച ട്രെയിനിംഗ് സെന്ററില്‍ വിവിധ തരത്തിലുള്ള ക്ലാസ്സുകള്‍ നല്‍കിവരുന്നു. മേസനറി ട്രെയിനിംഗ്, സ്വയംതൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കുവാനുളള ട്രെയിനിംഗ്, കോഴി, പന്നി ഫാമുകള്‍ ഇവയെക്കുറിച്ചുള്ള അറിവുകള്‍, കൃഷിക്കാര്‍ക്ക് ആവശ്യമായ സാമഗ്രികളും അറിവുകളും പകര്‍ന്ന് കൊടുത്ത് പച്ചക്കറി മുതലായവ സ്വയം കൃഷി ചെയ്യാന്‍ പ്രാപ്തരാക്കുന്നു. കൂടാതെ സ്ത്രീ ശാക്തീകരണ ക്ലാസ്സുകള്‍, യുവജനങ്ങളുടെ പുനരുദ്ധാരണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി പങ്കുചേര്‍ന്ന് മൈക്രോ ഫിനാന്‍സ് അക്കൗണ്ട് പ്രോഗ്രാം സ്ഥാപിതമാക്കി. BAKDIL ന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മേഖാലയായുടെ പല ഭാഗങ്ങളിലായി അഞ്ച് പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവയ്ക്ക് ആവശ്യമായ ഡോക്ടേഴ്‌സിനെയും, നേഴ്‌സിനേയും മറ്റ് ജോലിക്കാരേയും പ്രദാനം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ Maternal Death data 100 ശതമാനത്തില്‍ നിന്നും 0 ശതമാനമായി കുറയ്ക്കാന്‍ ഈ സെന്ററുകള്‍ക്ക് സാധിച്ചു. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ 70 ശതമാനം നടപ്പിലാക്കി. അസുഖ ബാധിതര്‍ക്ക് സെന്ററുകളില്‍ എത്തിപ്പെടണമെങ്കില്‍ ദിവസമോ ദിവസങ്ങളോ നടക്കേണ്ട സാഹചര്യത്തില്‍ പലരും വഴിയില്‍വച്ച് മരിക്കുകയായിരുന്നു പതിവ്. ഇതിന് പരിഹാരമായി ഗവണ്മെന്റില്‍ നിന്നും അനുവദിച്ച് മേടിച്ച ആംബുലന്‍സ് രോഗികളെ എത്രയും പെട്ടെന്ന് സെന്ററുകളില്‍ എത്തിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലെ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ ഏറ്റവും നല്ല സെന്ററിനുള്ള മേഖാലയ സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ ഈ സെന്ററുകള്‍ക്ക് ലഭിച്ചു. ഗവണ്മെന്റിന്റെ അധീനതയിലുള്ള മറ്റ് സെന്ററുകള്‍ക്ക് ഇന്ന് ഈ സെന്റർ മാതൃകയാണ്. സമൂഹത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് കഴിവുള്ള യുവതീ യുവാക്കളെ, മെഡിസിന്‍, നഴ്‌സിംഗ്, സോഷ്യല്‍ വര്‍ക്ക് മുതലായ കോഴ്സുകള്‍ പഠിപ്പിക്കാന്‍ രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നു. ഇപ്പോഴത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ BAKDIL ട്രെയിനിംഗ് സെൻ്റർ കോവിഡ് ഐസൊലേഷന്‍ സെന്ററായി പ്രവര്‍ത്തിച്ചുവരുന്നു.മേഖാലയ ഗവണ്മെന്റിന്റെ കോവിഡ് നിയന്ത്രണ അഞ്ചംഗ ടീമില്‍ ഫാ. സണ്ണി മാവേലില്‍ അംഗമാണ്. തന്റെ കഴിഞ്ഞ കാലങ്ങളിലെ സ്തുത്യര്‍ഹസേവനത്തിന് മേഖാലയ ഗവണ്മെന്റിന്റെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. നൂറിലധികം പ്രാവശ്യം മാരകമായ സെറിബ്രല്‍ മലേറിയ പിടിപെട്ട് മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ടെങ്കിലും തന്റെ കര്‍മ്മമേഖലയില്‍ നിന്നും വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു ക്രൈസ്തവ മിഷണറിക്ക് ഇന്ത്യയുടെ ഉള്‍നാടന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, തന്റെ ജീവനെത്തന്നെ ഏത് നിമിഷവും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നത് സുവിശേഷം വാക്കുകളില്‍ മാത്രം ഒതുക്കിയാല്‍പോര, ജീവന്‍ കൊടുത്തും അത് നിര്‍വ്വഹിക്കാനും ബാധ്യസ്ഥനാണ് എന്നതുകൊണ്ട് തന്നെ .തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും M.Phil ഉം തന്റെ പ്രവര്‍ത്തന മേഖലയില്‍ തന്നെ ഡോക്ടറേറ്റും കരസ്ഥമാക്കി. കൂടാതെ North Eastern Hill യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് പ്രൊഫസര്‍ ആയി സേവനം ചെയ്യുന്നു.ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മിഷണറിമാരായി സ്തുത്യര്‍ഹ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും മാതൃകയും പ്രചോദനവുമാകട്ടെ സണ്ണി അച്ചന്‍. കൂടല്ലൂര്‍ ഇടവകയ്ക്കും മാവേലില്‍ കുടുംബത്തിനും പ്രിയപ്പെട്ടവനായ സണ്ണി അച്ചൻ്റെ മുൻപോട്ടുള്ള പ്രയാണത്തിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. വോട്ട് രേഖപ്പെടുത്തുന്നതിന് താഴെ ലിങ്കിൽ click ചെയ്യുക Knanayapathram News Person of the Year 2020
ReplyForward |