ക്നാനായ പത്രം അവാർഡ് നോമിനികളെ ഓരോരുത്തരെ ആയി ഓരോ ദിവസവും ഞങ്ങൾ പ്രിയ വായനക്കാരുടെ മുൻപിൽ വീണ്ടും പരിചയപ്പെടുത്തുന്നു . ക്നാനായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ്.
ഡോ. മേരി കളപ്പുരക്കൽ .
കോട്ടയം ജില്ലയിലെ കൂടല്ലൂർ കളപ്പുരക്കൽ ജോസഫിന്റെയും മ്യാലിൽ കൊച്ചന്നയുടെയും മൂത്തമകളായി 1935 ഏപ്രിൽ 30 ന് ജനിച്ച ഡോ. മേരിയുടെ എന്നത്തെയും ആഗ്രഹം മറ്റുള്ളവരെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതായിരുന്നു . ബിഷപ്പ് തറയിൽ തുടങ്ങിയ കാരിത്താസ് സെക്കുലർ സമർപ്പിത സമൂഹത്തിലെ ആദ്യ അംഗമായി 1957 സെപ്റ്റംബർ 14 ന് മേരി പ്രഥമ വാഗ്ദാനം എടുത്തു . അങ്ങനെ കേരളത്തിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റുട്ടും സെക്കുലർ ഇൻസ്റ്റിട്യൂട്ടിലെ ആദ്യ മലയാളി അംഗം എന്ന നിലയിൽ ഡോ. മേരിയും കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി. മേരിയുടെ കഴിവ് തിരിച്ചറിഞ്ഞ ബിഷപ്പ് തോമസ് തറയിൽ ആണ് അവരെ മെഡിസിൻ പഠിക്കാനായി ജർമനിയിലേക്ക് അയച്ചത് . താൻ നട്ടു നനച്ചു വളർത്തിയ സഭയിൽ വരും കാലത്തു ഈ പെൺകുട്ടി വലിയൊരു നിധിയായി മാറുമെന്ന് ദീർഘ ദർശിയായ അദ്ദേഹം മനസിലാക്കിയിരുന്നു . ജർമനിയിൽ സെക്കുലർ ഇന്സ്ടിട്യൂട്ടിൽ താമസിച്ചു പഠിച്ചപ്പോൾ ലഭിച്ച ബോധ്യങ്ങളാണ് നാട്ടിൽ തിരിച്ചെത്തി ഒരു കന്യാസ്ത്രി മടത്തിന്റൈ രീതിയിൽ പ്രവർത്തിച്ചിരുന്ന കാരിത്താസ് സെക്കുലർ ഇന്സ്ടിട്യൂട്ടിനെ യഥാർത്ഥ സെക്കുലർ ഇന്സ്ടിട്യൂട്ടിന്റെ മാതൃകയിൽ പുതുക്കി പണിയുവാൻ മേരിയെ പ്രേരിപ്പിച്ചത് . ജീവിതസ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയുള്ള മലബാർ കുടിയേറ്റ ജനതയുടെ തുടക്കകാലം. വികസനം എന്ന വാക്ക് നിഘണ്ടുവിൽ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയോട് പടവെട്ടി പൊരുതി വീഴുകയോ പൊരുതിജയിക്കുകയോ ചെയ്യുന്ന മനുഷ്യർ. പ്രകൃതിയെ കീഴടക്കിയെങ്കിലും കീഴടക്കാനാവാത്തതായി പകർച്ചവ്യാധികളും രോഗങ്ങളുമുണ്ടായിരുന്നു,ഹിംസ്രജന്തുക്കളും വിഷജന്തുക്കളുമുണ്ടായിരുന്നു. രോഗങ്ങളുടെ ഈ ആക്രമണത്തിൽ കുടിയേറ്റജനത നിസഹായരായി നോക്കിനിന്നപ്പോൾ അവരുടെ ദയനീയതയ്ക്ക് പരിഹാരമെന്ന നിലയിലാണ് കോട്ടയം രൂപതാധ്യക്ഷനായിരുന്ന ബിഷപ് തോമസ് തറയിൽ അലക്സ് നഗറിൽ മേഴ്സി ഹോസ്പിറ്റൽ സ്ഥാപിച്ചത്. ഈ ഹോസ്പിറ്റലിന്റെ നേതൃത്വസ്ഥാനത്തേക്ക് ബിഷപ് നിയമിച്ചത് അന്ന് കാരിത്താസ് ആശുപത്രിയുടെ പ്രഥമ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന ഡോ. മേരി കളപ്പുരയ്ക്കലിനെയായിരുന്നു. ഒരു ഡോക്ടറായി ആശുപത്രിയുടെ കോമ്പൗണ്ടിൽ ഒതുങ്ങുക മാത്രമല്ല തന്റെ കടമയെന്ന് മലബാറിലെത്തിയ ആദ്യ നാളുകളിൽ തന്നെ ഡോ. മേരിക്ക് മനസ്സിലായി. വൈദ്യുതിയില്ല,വഴിയില്ല, ടെലിഫോൺ സൗകര്യങ്ങളോ തപാലാഫീസുകളോ ഇല്ല. ആശുപത്രിയിൽ പോലും വേണ്ടത്ര സൗകര്യങ്ങളില്ല, ഉപകരണങ്ങളില്ല. ചെറിയൊരു തുക മാത്രമേ ഫീസായി നിശ്ചയിച്ചിരുന്നുള്ളൂവെങ്കിലും അതുപോലും കൊടുക്കാൻ അന്നത്തെ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞിരുന്നില്ല. മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്നപ്പോൾ ആശുപത്രി അടച്ചുപൂട്ടിയാലോ എന്നും ചിന്തിച്ചുപോയ അവസരം. ഈ സാഹചര്യത്തിൽ തനിക്ക് പരിചയമുണ്ടായിരുന്ന ജർമ്മനിയിലെ സുഹൃത്തുക്കളുടെ സഹായം തേടാൻ തന്നെ ഡോ. മേരി തീരുമാനിച്ചു . അങ്ങനെ ജർമ്മനിയിലെ സുഹൃത്തുക്കൾ നല്കിയ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലായിരുന്നു പിന്നീട് മേഴ്സി ആശുപത്രിയുടെ വളർച്ച. കുറെക്കൂടി സൗകര്യപ്രദമായ സ്ഥലത്ത് ആശുപത്രി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നതും അപ്പോഴായിരുന്നു. പയ്യാവൂർ പള്ളിക്കെട്ടിടത്തിൽ വാടകയ്ക്ക് മേഴ്സി ആശുപത്രിയുടെ ഒരു വിങ്ങ് 1975 ൽ ആരംഭിച്ചു. രണ്ടു ആശുപത്രികളും തമ്മിൽ ആറു കിലോമീറ്ററിന്റെ അകലമുണ്ടായിരുന്നുവെങ്കിലും രണ്ടിടങ്ങളിലും മടുപ്പുകൂടാതെ ഡോ. മേരിയെത്തിയിരുന്നത് പലർക്കും അത്ഭുതമായിരുന്നു.മേഴ്സി ആശുപത്രിയിൽ കിടത്തിചികിത്സയുടെ ആവശ്യവും ഇതോടൊപ്പം ഉയർന്നുവന്നു. എന്നാൽ ഒരു ആശുപത്രി കെട്ടിടം പുതുതായി പണിയാൻതക്ക സാമ്പത്തികസ്ഥിതി കോട്ടയം അതിരൂപതയ്ക്കുണ്ടായിരുന്നില്ല, മലബാറിലെ ജനതയ്ക്ക് നല്ല ചികിത്സ ലഭ്യമാകുന്ന ഒരു ആശുപത്രി ഡോ. മേരിയുടെ സ്വപ്നവുമായിരുന്നു.രണ്ടിനുമിടയിൽ മേരി ഒരു തീരുമാനമെടുത്തു. ജർമ്മനിയിലേക്ക് തന്നെ മടങ്ങുക. അവിടെയുള്ള സുഹൃത്തുക്കളെ നേരിൽ ചെന്ന് കണ്ട് സഹായം അഭ്യർത്ഥിക്കുക. അക്കാലത്ത് കൊളോൺ രൂപതയിലെ പല ദേവാലയങ്ങളിലും മലബാറിലെ ആശുപത്രിക്കുവേണ്ടിയുളള മേരിയുടെ സഹായാഭ്യർത്ഥനകൾ ഉയർന്നിട്ടുണ്ട്. അവയുടെയെല്ലാം ഫലമായാണ് ഇന്ന് മേഴ്സി ഹോസ്പിറ്റലിന്റെ വളർച്ച. ജർമ്മനിയിൽ നിന്ന്കടൽ കടന്നെത്തിയ സഹായമാണ് ഹോസ്പിറ്റലിന്റെ ക്വാർട്ടേഴ്സുകളും, ആംബുലൻസ്സും, ആധുനികചികിത്സാ ഉപകരണങ്ങളുമെല്ലാം.ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്ച്ച പ്പോൾ കിടത്തിചികിത്സിക്കാൻ ഇടമില്ലാതായ അവസരങ്ങളിൽ സ്വന്തം മുറിയിൽ പോലും രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോ. മേരി തയ്യാറായതിനെക്കുറിച്ച് അനുഭവസ്ഥർ ഇപ്പോഴും പറയുന്നുണ്ട്. ജാതിയോ മതമോ നോക്കാതെയായിരുന്നു ഡോ. മേരിയുടെ എല്ലാ പ്രവർത്തനങ്ങളും. ആശുപത്രിയിലെ ഭാരപ്പെട്ട ജോലികൾക്കിടയിലും വീടുകളിലെ കിടപ്പുരോഗികളെ തേടിയുള്ള യാത്രകൾക്ക് മേരി മുടക്കം വരുത്തിയിരുന്നില്ല. ആയാത്ര കേരളത്തിലെ സ്വാന്തന ചികിസയുടെ തുടക്കം കൂടിആയിരുന്നു.അക്കാലത്ത് നാലുകിലോമീറ്റർ നടന്നുവേണമായിരുന്നു പോസ്റ്റോഫീസിലെത്താൻ. ഈ സാഹചര്യത്തിലാണ് മേരിയുടെ നേതൃത്വത്തിൽ ആശുപത്രി കെട്ടിടത്തിൽ തന്നെ പോസ്റ്റോഫീസ് ആരംഭിക്കാൻ കാരണമായത്. അതുപോലെ ടെലിഫോൺ പയ്യാവൂരിലെത്തിയതും ഡോക്ടറുടെ പരിശ്രമഫലമായിട്ടായിരുന്നു.അലക്സ്നഗർ മേഴ്സി ഹോസ്പിറ്റലിലേക്ക് രോഗികൾക്ക് എത്തിച്ചേരാൻ തടസമായി നിന്നത് പാലത്തിന്റെ അഭാവമായിരുന്നു. അപകടത്തിൽപെട്ടവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ട് പലരും മരണമടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ഖിന്നയായിരുന്ന ഡോ.മേരിയുടെ പരിശ്രമഫലമായിട്ടാണ് അഞ്ചുലക്ഷം രൂപ മുടക്കി ഒരു തൂക്കുപാലം പണിതത്. മുപ്പതിൽപരം വർഷങ്ങൾക്ക് ശേഷവും രണ്ടു മഹാപ്രളയത്തെ അതിജീവിച്ചും ഇന്നും ആ തൂക്കുപാലം തലഉയർത്തിനില്ക്കുന്നു ഡോ. മേരിയുടെ സ്നേഹം പോലെ… നിസ്വാർത്ഥതയ്ക്ക് തെളിവായി… പാലിയേറ്റീവ് കെയര്‍ ഇന്ന് വ്യവഹരിച്ചുപോരുന്ന വിധത്തിലുള്ള സംഘടിതമായ രൂപമോ പ്രവര്‍ത്തനശൈലിയോ ഉണ്ടായിരുന്നില്ലെങ്കിലും 50 വർഷങ്ങൾക്കു മുൻപ് മലബാറിലെ അവികസിത മേഖലകളില്‍ കിടപ്പുരോഗികള്‍ക്കിടയില്‍ ഡോക്ടര്‍ മേരി നടപ്പാക്കിപോന്നിരുന്നത് ഇന്നത്തെ പാലിയേറ്റീവ് കെയറിന്റെ ആദിരൂപം തന്നെയായിരുന്നു. ചികിത്സ കൊണ്ട് ഭേദപ്പെടുത്താനാവാത്ത രോഗികള്‍ക്ക് സാന്നിധ്യം കൊണ്ടും വാക്കുകള്‍കൊണ്ടും പരിചരണം കൊണ്ടും സൗഖ്യം നല്കുക. മലബാറിലെ കാടും മേടും പിന്നിട്ട് മേരി ചെയ്തിരുന്നത് അതായിരുന്നു.ഡോ.മേരി ആണ് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ കാരിത്താസ് പാലിയേറ്റീവ് കെയറിനു തുടക്കമിട്ടത്.1970 കള്‍ മുതല്‍ മലബാറില്‍ ഡോ. മേരി ചെയ്തിരുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ അവർ “സാന്ത്വനചികിത്സയുടെ മാതാവ് “എന്നും “മലബാറിന്റൈ അമ്മ ” എന്നുമാണ് അറിയപ്പെടുന്നത്. സാമ്പത്തിക പരിമിതികളിൽ പെട്ട് നട്ടം തിരിഞ്ഞ അരനൂറ്റാണ്ട് മുമ്പ് ഒരു വനിത സ്വന്തം ജീവിത സമർപ്പണം വെറും സേവനത്തിലൂടെ മാത്രമല്ല ആശുപത്രികളും, ആതുരസേവന സംവിധാനങ്ങളും പടുത്തുയർത്താൻ നടത്തിയ നിശബ്ദ പ്രയത്‌നം വലിയ ആദരവ് അർഹിക്കുന്നു. മലബാര്‍ ജനതയ്ക്ക് സ്വന്തം ജീവിത സമര്‍പ്പണത്തിലൂടെ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും നാടിന്റെ വികസനത്തിനു സമഗ്രസംഭാവനകള്‍ നല്കാനും ഡോ. മേരി കളപ്പുരയ്ക്കലിന് സാധിച്ചു വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളാണ് അത്യാഹിതവിഭാഗവും മരണം കാത്തുകിടക്കുന്ന രോഗികളുടെ പരിചരണവിഭാഗവും. ഈ രണ്ടുമേഖലകളിലും സാധാരണയായി ഒരു ഡോക്ടറും അധികകാലം സേവനം ചെയ്യാറില്ല. പക്ഷേ കഴിഞ്ഞ അമ്പതുവര്‍ഷമായി ഡോ. മേരിയുടെ സേവനം ഈ രണ്ടു തീച്ചുളകളിൽ മാത്രമായിരുന്നു. ഇപ്പോൾ കോട്ടയം കാരിത്താസിൽ വിശ്രമജീവിതം നയിക്കുകയാണ് ഡോ. മേരി കളപ്പുരയ്ക്കൽ.ഒരിക്കലും തന്റെ പ്രവർത്തനങ്ങളെയോ സേവനങ്ങളെയോ പരസ്യപ്പെടുത്താനോ അതുവഴി അംഗീകാരം നേടിയെടുക്കാനോ മേരി ശ്രമിച്ചിരുന്നില്ല. കോട്ടയം രൂപതയുടെ വികസനത്തിന് നല്ലപങ്കു വഹിച്ചിട്ടുള്ള ഡോ.മേരി യെക്കുറിച്ച് മാർ.കുന്നശേരി കുറിച്ചിട്ടിരിക്കുന്നത് ഇപ്രകാരമാണ് “ഒരു കത്തോലിക്കാ രൂപതയുടെ വളർച്ചക്ക് ഇത്രഅധികം സംഭാവനകൾ നൽകിയിട്ടുള്ള ഡോ.മേരിയെ പോലെയുള്ള വനിത കാത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നൈ അപൂർവ മയിരിക്കും”. വൈദ്യ ശാസ്ത്ര രംഗത്ത് 50 വർഷവും സമർപ്പിത എന്ന നിലയിൽ 64 വർഷവും പൂർത്തിയാക്കിയ ഡോ . മേരി ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും അടുത്തറിയുമ്പോൾ ആരും അത്ഭുതം കൊള്ളും. ഒരായുസ്സ് കൊണ്ട് ഇത്രയധികം നന്മകൾ സമൂഹത്തിനും സമുദായത്തിനും വേണ്ടി ഡോ . മേരി ഒരുപാടു ചെയ്തിട്ടുണ്ട് . അർഹിക്കുന്നവന് ആവശ്യമായ നന്മകൾ ചെയ്യാൻ മറ്റൊന്നും തടസ്സമാകരുതെന്ന ഡോ . മേരിയുടെ തത്വതീക്ഷ്‌മാണു യാത്രകളിൽ സ്റ്റെതസ്കോപ്പും അത്യാവശ്യ മരുന്നുകളും ബാഗിൽ കരുതാൻ അവരെ പ്രേരിപ്പിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിന് താഴെ ലിങ്കിൽ click ചെയ്യുക . https://knanayapathram.com/?page_id=43421