Breaking news

ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ വൈദിക സന്ന്യാസ കാറ്റഗറിയിൽ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ പരിചയപ്പെടാം

2016 ൽ തുടക്കം കുറിച്ച ക്നാനായപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ എന്ന് കണ്ടെത്തുവാൻ വേണ്ടി ക്നാനായ പത്രം ഒരുക്കിയ “ക്നാനായ ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ” നിരവധി നോമിനേഷനുകളാണ് ഞങ്ങൾക്ക് പ്രിയ വായനക്കാരിൽ നിന്നും ലഭിച്ചത്.നോമിനേഷനുകൾ അയച്ചു തന്ന ഓരോ വായനക്കാർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തട്ടെ .പ്രധാനമായും രണ്ട് കാറ്റഗറികളിയാണ് നോമിനേഷനുകൾ ക്ഷണിച്ചത് .ആദ്യത്തെ കാറ്റഗറിയിൽ അൽമായ പ്രതിനിധ്യയെയും രണ്ടാമത്തെ കാറ്റഗറിയിൽ കോട്ടയം അതിരൂപതാഗങ്ങളായ ഒരു വൈദികനോ സന്ന്യാസ ജീവിതം നയിക്കുന്ന ഒരു സിസ്റ്ററുമായിരുന്നു .വൈദിക സന്ന്യാസ കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരമാണ് ഈ വാർത്തയിലൂടെ പുറത്തു വിടുന്നത് .വൈദിക സന്ന്യാസ കാറ്റഗറിയിൽ നാലു പേരുടെ നോമിനേഷനുകളാണ് വായനക്കാരിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത് അവർ ആരൊക്കെയാണെന്ന് ഈ വാര്‍ത്തയിലൂടെ പുറത്തു വിടുകയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ ആയതിനാല്‍ ഇവരില്‍ ആരും ഒരാള്‍ക്ക് മേലെയോ താഴെയോ അല്ലെന്നതിനാല്‍ ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന വോട്ടുകള്‍ അടിസ്ഥാനമാക്കിയാകും അവസാന താരത്തെ കണ്ടെത്തുക. ക്നായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ് .ജനുവരി 30 ന് രാത്രി പന്ത്രണ്ടു മണിക്ക് മുൻപായി ഏറ്റവും കൂടുതൽ വായനക്കാരുടെ വോട്ടുകൾ ലഭിക്കുന്നവരായിരിക്കും വിജയികൾ .പ്രത്യേകം ശ്രദ്ധിക്കുക ഒരു ഐ പി അഡ്രസ്സിൽ നിന്നും ഒരാൾക്ക് മാത്രമേ വോട്ടു ചെയ്യാൻ പറ്റുകയുള്ളു .ക്നാനായ പത്രത്തിന്റെ ഓരോ വായനക്കാരുമാണ് വോട്ടിങ്ങിലൂടെ വിജയികളെ കണ്ടെത്തുക എന്നതാണ് ഈ അവാർഡിന്റെ ഏറ്ററ്വും വലിയ പ്രത്യേകത. ഓരോ കാറ്റഗറിയിലും വോട്ടിങ്ങിലൂടെ വിജയികൾ ആകുന്നവർക്ക് ക്നാനായ പത്രം നൽകുന്നു5001 രൂപയും പ്രശംസാ പത്രവും ലഭിക്കും . വരും ദിവസങ്ങളിൽ ഫൈനൽ ലിസ്റ്റിൽ എത്തിയവരെ ഓരോരോരുത്തരെക്കുറിച്ചും വിശദമായ വാർത്തകൾ പ്രസദ്ധീകരിക്കുന്നതാണ് .

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാനവികതയുടെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി മാവേലിൽ അച്ചൻ( ഫാ. സണ്ണി മാവേലിൽ)

കൂടല്ലൂർ മാവേലി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും (കട്ടച്ചിറ കുടിലിൽ കുടുംബാംഗം.) ആറു  മക്കളിൽ  മൂന്നാമനായി സണ്ണി 1964 ഫെബ്രുവരി 10 നു ജനിച്ചു . കിടങ്ങൂർ സെന്റ് ജോസഫ് യു പി സ്കൂൾ , സെന്റ് മേരീസ്  സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭാസ ശേഷം ഷില്ലോങ്   ക്രൈസ്റ്റ് കോളേജിലും ഓറിയൻസ് കോളേജിലും ആയി വൈദികപഠനം പൂർത്തിയാക്കി . 1992 ജനുവരി 4 നു കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു . തുടർന്ന് ചെന്നൈ ലയോള കോളേജിൽ നിന്നും m s w & m Phil , നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്സിറ്റിയിൽ നിന്നും phd യും കരസ്ഥമാക്കി .ഫാ. സണ്ണി മാവേലിൽ ഇപ്പോൾ മേഘാലയയിൽ തുരാ രൂപതയുടെ സാമൂഹ്യ സേവന വിങ് ആയ ബാക്ടിൽ (N G O ) ന്റെ ഡയറക്ടർ ആയി സേവനം ചെയ്യുന്നു. മേഘാലയ സർക്കാരിന്റെ സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം പല പ്രാവശ്യം അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മേഘാലയയുടെ ഗ്രാമീണ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ ഫാ. സണ്ണി മാവേലിൽ കൈവരിച്ചു .ഇന്ത്യയുടെ വടക്കു കിഴക്കൻ സ്ഥലങ്ങളിലെ ഉൾനാടൻ ഗ്രാമീണരുടെയും ആദിവാസികളുടെയും  ഇടയിൽ അദ്ദേഹം ചെയ്യുന്ന  സേവനങ്ങളുടെ പേരിൽ സർക്കാർ സ്ഥാപനങ്ങളിലും രൂപതയിലും വളരെ നല്ല ഒരു സ്ഥാനം നേടാൻ സാധിച്ചിട്ടുണ്ട് . ഫാ. സണ്ണി മാവേലിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://www.socialworkbakdil.ngo/ഡോക്ടർ ഫാ. സണ്ണി മാവേലിക്ക് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എൺപത്തഞ്ചിലും നാൽപതിന്റെ ചുറുചുറുക്കോടെ സാമൂഹിക സേവനം തുടരുന്ന മലബാറിന്റെ അമ്മ ഡോ. മേരി കളപ്പുരക്കൽ

കോട്ടയം ജില്ലയിലെ കൂടല്ലൂർ കളപ്പുരക്കൽ ജോസഫിന്റെയും മ്യാലിൽ കൊച്ചന്നയുടെയും മൂത്തമകളായി 1935 ഏപ്രിൽ 30 ന് ജനിച്ച ഡോ. മേരിയുടെ എന്നത്തെയും ആഗ്രഹം മറ്റുള്ളവരെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതായിരുന്നു .ബിഷപ്പ് തറയിൽ തുടങ്ങിയ കാരിത്താസ് സെക്കുലർ സമർപ്പിത സമൂഹത്തിലെ ആദ്യ അംഗമായി 1957 സെപ്റ്റംബർ 14 ന് മേരി പ്രഥമ വാഗ്ദാനം എടുത്തു . അങ്ങനെ കേരളത്തിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റുട്ടും സെക്കുലർ ഇൻസ്റ്റിട്യൂട്ടിലെ ആദ്യ മലയാളി അംഗം എന്ന നിലയിൽ ഡോ. മേരിയും കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിന്റെ ഭാഗമായി മാറി.മേരിയുടെ കഴിവ് തിരിച്ചറിഞ്ഞ ബിഷപ്പ് തോമസ് തറയിൽ ആണ് അവരെ മെഡിസിൻ പഠിക്കാനായി ജർമനിയിലേക്ക് അയച്ചത് . താൻ നട്ടു നനച്ചു വളർത്തിയ സഭയിൽ വരും കാലത്തു ഈ പെൺകുട്ടി വലിയൊരു നിധിയായി മാറുമെന്ന് ദീർഘ ദർശിയായ അദ്ദേഹം മനസിലാക്കിയിരുന്നു . ജർമനിയിൽ സെക്കുലർ ഇന്സ്ടിട്യൂട്ടിൽ താമസിച്ചു പഠിച്ചപ്പോൾ ലഭിച്ച ബോധ്യങ്ങളാണ് നാട്ടിൽ തിരിച്ചെത്തി ഒരു കന്യാസ്ത്രി മടത്തിന്റൈ രീതിയിൽ പ്രവർത്തിച്ചിരുന്ന കാരിത്താസ് സെക്കുലർ ഇന്സ്ടിട്യൂട്ടിനെ യഥാർത്ഥ സെക്കുലർ ഇന്സ്ടിട്യൂട്ടിന്റെ മാതൃകയിൽ പുതുക്കി പണിയുവാൻ മേരിയെ പ്രേരിപ്പിച്ചത് . ജീവിതസ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയുള്ള മലബാർ കുടിയേറ്റ ജനതയുടെ തുടക്കകാലം. വികസനം എന്ന വാക്ക് നിഘണ്ടുവിൽ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പ്രകൃതിയോട് പടവെട്ടി പൊരുതി വീഴുകയോ പൊരുതിജയിക്കുകയോ ചെയ്യുന്ന മനുഷ്യർ. പ്രകൃതിയെ കീഴടക്കിയെങ്കിലും കീഴടക്കാനാവാത്തതായി പകർച്ചവ്യാധികളും രോഗങ്ങളുമുണ്ടായിരുന്നു,ഹിംസ്രജന്തുക്കളും വിഷജന്തുക്കളുമുണ്ടായിരുന്നു.
രോഗങ്ങളുടെ ഈ ആക്രമണത്തിൽ കുടിയേറ്റജനത നിസഹായരായി നോക്കിനിന്നപ്പോൾ അവരുടെ ദയനീയതയ്ക്ക് പരിഹാരമെന്ന നിലയിലാണ് കോട്ടയം രൂപതാധ്യക്ഷനായിരുന്ന ബിഷപ് തോമസ് തറയിൽ അലക്സ് നഗറിൽ മേഴ്സി ഹോസ്പിറ്റൽ സ്ഥാപിച്ചത്. ഈ ഹോസ്പിറ്റലിന്റെ നേതൃത്വസ്ഥാനത്തേക്ക് ബിഷപ് നിയമിച്ചത് അന്ന് കാരിത്താസ് ആശുപത്രിയുടെ പ്രഥമ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന ഡോ. മേരി കളപ്പുരയ്ക്കലിനെയായിരുന്നു.ഒരു ഡോക്ടറായി ആശുപത്രിയുടെ കോമ്പൗണ്ടിൽ ഒതുങ്ങുക മാത്രമല്ല തന്റെ കടമയെന്ന് മലബാറിലെത്തിയ ആദ്യ നാളുകളിൽ തന്നെ ഡോ. മേരിക്ക് മനസ്സിലായി. വൈദ്യുതിയില്ല,വഴിയില്ല, ടെലിഫോൺ സൗകര്യങ്ങളോ തപാലാഫീസുകളോ ഇല്ല. ആശുപത്രിയിൽ പോലും വേണ്ടത്ര സൗകര്യങ്ങളില്ല, ഉപകരണങ്ങളില്ല.ചെറിയൊരു തുക മാത്രമേ ഫീസായി നിശ്ചയിച്ചിരുന്നുള്ളൂവെങ്കിലും അതുപോലും കൊടുക്കാൻ അന്നത്തെ കുടിയേറ്റ ജനതയ്ക്ക് കഴിഞ്ഞിരുന്നില്ല. മുടക്കുമുതലെങ്കിലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്നപ്പോൾ ആശുപത്രി അടച്ചുപൂട്ടിയാലോ എന്നും ചിന്തിച്ചുപോയ അവസരം.
ഈ സാഹചര്യത്തിൽ തനിക്ക് പരിചയമുണ്ടായിരുന്ന ജർമ്മനിയിലെ സുഹൃത്തുക്കളുടെ സഹായം തേടാൻ തന്നെ ഡോ. മേരി തീരുമാനിച്ചു . അങ്ങനെ ജർമ്മനിയിലെ സുഹൃത്തുക്കൾ നല്കിയ സാമ്പത്തിക സഹായത്തിന്റെ പിൻബലത്തിലായിരുന്നു പിന്നീട് മേഴ്സി ആശുപത്രിയുടെ വളർച്ച.കുറെക്കൂടി സൗകര്യപ്രദമായ സ്ഥലത്ത് ആശുപത്രി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നുവന്നതും അപ്പോഴായിരുന്നു. പയ്യാവൂർ പള്ളിക്കെട്ടിടത്തിൽ വാടകയ്ക്ക് മേഴ്സി ആശുപത്രിയുടെ ഒരു വിങ്ങ് 1975 ൽ ആരംഭിച്ചു. രണ്ടു ആശുപത്രികളും തമ്മിൽ ആറു കിലോമീറ്ററിന്റെ അകലമുണ്ടായിരുന്നുവെങ്കിലും രണ്ടിടങ്ങളിലും മടുപ്പുകൂടാതെ ഡോ. മേരിയെത്തിയിരുന്നത് പലർക്കും അത്ഭുതമായിരുന്നു.മേഴ്സി ആശുപത്രിയിൽ കിടത്തിചികിത്സയുടെ ആവശ്യവും ഇതോടൊപ്പം ഉയർന്നുവന്നു. എന്നാൽ ഒരു ആശുപത്രി കെട്ടിടം പുതുതായി പണിയാൻതക്ക സാമ്പത്തികസ്ഥിതി കോട്ടയം അതിരൂപതയ്ക്കുണ്ടായിരുന്നില്ല, മലബാറിലെ ജനതയ്ക്ക് നല്ല ചികിത്സ ലഭ്യമാകുന്ന ഒരു ആശുപത്രി ഡോ. മേരിയുടെ സ്വപ്നവുമായിരുന്നു.രണ്ടിനുമിടയിൽ മേരി ഒരു തീരുമാനമെടുത്തു. ജർമ്മനിയിലേക്ക് തന്നെ മടങ്ങുക. അവിടെയുള്ള സുഹൃത്തുക്കളെ നേരിൽ ചെന്ന് കണ്ട് സഹായം അഭ്യർത്ഥിക്കുക. അക്കാലത്ത് കൊളോൺ രൂപതയിലെ പല ദേവാലയങ്ങളിലും മലബാറിലെ ആശുപത്രിക്കുവേണ്ടിയുളള മേരിയുടെ സഹായാഭ്യർത്ഥനകൾ ഉയർന്നിട്ടുണ്ട്. അവയുടെയെല്ലാം ഫലമായാണ് ഇന്ന് മേഴ്സി ഹോസ്പിറ്റലിന്റെ വളർച്ച. ജർമ്മനിയിൽ നിന്ന്കടൽ കടന്നെത്തിയ സഹായമാണ് ഹോസ്പിറ്റലിന്റെ ക്വാർട്ടേഴ്സുകളും, ആംബുലൻസ്സും, ആധുനികചികിത്സാ ഉപകരണങ്ങളുമെല്ലാം.ആശുപത്രിയിൽ രോഗികളുടെ എണ്ണം വർദ്ധിക്ച്ച പ്പോൾ കിടത്തിചികിത്സിക്കാൻ ഇടമില്ലാതായ അവസരങ്ങളിൽ സ്വന്തം മുറിയിൽ പോലും രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോ. മേരി തയ്യാറായതിനെക്കുറിച്ച് അനുഭവസ്ഥർ ഇപ്പോഴും പറയുന്നുണ്ട്. ജാതിയോ മതമോ നോക്കാതെയായിരുന്നു ഡോ. മേരിയുടെ എല്ലാ പ്രവർത്തനങ്ങളും. ആശുപത്രിയിലെ ഭാരപ്പെട്ട ജോലികൾക്കിടയിലും വീടുകളിലെ കിടപ്പുരോഗികളെ തേടിയുള്ള യാത്രകൾക്ക് മേരി മുടക്കം വരുത്തിയിരുന്നില്ല. ആയാത്ര കേരളത്തിലെ സ്വാന്തന ചികിസയുടെ തുടക്കം കൂടിആയിരുന്നു.അക്കാലത്ത് നാലുകിലോമീറ്റർ നടന്നുവേണമായിരുന്നു പോസ്റ്റോഫീസിലെത്താൻ. ഈ സാഹചര്യത്തിലാണ് മേരിയുടെ നേതൃത്വത്തിൽ ആശുപത്രി കെട്ടിടത്തിൽ തന്നെ പോസ്റ്റോഫീസ് ആരംഭിക്കാൻ കാരണമായത്. അതുപോലെ ടെലിഫോൺ പയ്യാവൂരിലെത്തിയതും ഡോക്ടറുടെ പരിശ്രമഫലമായിട്ടായിരുന്നു.അലക്സ്നഗർ മേഴ്സി ഹോസ്പിറ്റലിലേക്ക് രോഗികൾക്ക് എത്തിച്ചേരാൻ തടസമായി നിന്നത് പാലത്തിന്റെ അഭാവമായിരുന്നു. അപകടത്തിൽപെട്ടവരെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതുകൊണ്ട് പലരും മരണമടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിൽ ഖിന്നയായിരുന്ന ഡോ.മേരിയുടെ പരിശ്രമഫലമായിട്ടാണ് അഞ്ചുലക്ഷം രൂപ മുടക്കി ഒരു തൂക്കുപാലം പണിതത്. മുപ്പതിൽപരം വർഷങ്ങൾക്ക് ശേഷവും രണ്ടു മഹാപ്രളയത്തെ അതിജീവിച്ചും ഇന്നും ആ തൂക്കുപാലം തലഉയർത്തിനില്ക്കുന്നു ഡോ. മേരിയുടെ സ്നേഹം പോലെ… നിസ്വാർത്ഥതയ്ക്ക് തെളിവായി…
പാലിയേറ്റീവ് കെയര്‍ ഇന്ന് വ്യവഹരിച്ചുപോരുന്ന വിധത്തിലുള്ള സംഘടിതമായ രൂപമോ പ്രവര്‍ത്തനശൈലിയോ ഉണ്ടായിരുന്നില്ലെങ്കിലും 50 വർഷങ്ങൾക്കു മുൻപ് മലബാറിലെ അവികസിത മേഖലകളില്‍ കിടപ്പുരോഗികള്‍ക്കിടയില്‍ ഡോക്ടര്‍ മേരി നടപ്പാക്കിപോന്നിരുന്നത് ഇന്നത്തെ പാലിയേറ്റീവ് കെയറിന്റെ ആദിരൂപം തന്നെയായിരുന്നു. ചികിത്സ കൊണ്ട് ഭേദപ്പെടുത്താനാവാത്ത രോഗികള്‍ക്ക് സാന്നിധ്യം കൊണ്ടും വാക്കുകള്‍കൊണ്ടും പരിചരണം കൊണ്ടും സൗഖ്യം നല്കുക. മലബാറിലെ കാടും മേടും പിന്നിട്ട് മേരി ചെയ്തിരുന്നത് അതായിരുന്നു.ഡോ.മേരി ആണ് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ കാരിത്താസ് പാലിയേറ്റീവ് കെയറിനു തുടക്കമിട്ടത്.1970 കള്‍ മുതല്‍ മലബാറില്‍ ഡോ. മേരി ചെയ്തിരുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ അവർ “സാന്ത്വനചികിത്സയുടെ മാതാവ് “എന്നും “മലബാറിന്റൈ അമ്മ ” എന്നുമാണ് അറിയപ്പെടുന്നത്. സാമ്പത്തിക പരിമിതികളിൽ പെട്ട് നട്ടം തിരിഞ്ഞ അരനൂറ്റാണ്ട് മുമ്പ് ഒരു വനിത സ്വന്തം ജീവിത സമർപ്പണം വെറും സേവനത്തിലൂടെ മാത്രമല്ല ആശുപത്രികളും, ആതുരസേവന സംവിധാനങ്ങളും പടുത്തുയർത്താൻ നടത്തിയ നിശബ്ദ പ്രയത്‌നം വലിയ ആദരവ് അർഹിക്കുന്നു. മലബാര്‍ ജനതയ്ക്ക് സ്വന്തം ജീവിത സമര്‍പ്പണത്തിലൂടെ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനും നാടിന്റെ വികസനത്തിനു  സമഗ്രസംഭാവനകള്‍ നല്കാനും ഡോ. മേരി കളപ്പുരയ്ക്കലിന് സാധിച്ചു. വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും ബുദ്ധിമുട്ടു നിറഞ്ഞ രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളാണ് അത്യാഹിതവിഭാഗവും മരണം കാത്തുകിടക്കുന്ന രോഗികളുടെ പരിചരണവിഭാഗവും. ഈ രണ്ടുമേഖലകളിലും സാധാരണയായി ഒരു ഡോക്ടറും അധികകാലം സേവനം ചെയ്യാറില്ല. പക്ഷേ കഴിഞ്ഞ അമ്പതുവര്‍ഷമായി ഡോ. മേരിയുടെ സേവനം ഈ രണ്ടു തീച്ചുളകളിൽ മാത്രമായിരുന്നു.ഇപ്പോൾ കോട്ടയം കാരിത്താസിൽ വിശ്രമജീവിതം നയിക്കുകയാണ് ഡോ. മേരി കളപ്പുരയ്ക്കൽ.ഒരിക്കലും തന്റെ പ്രവർത്തനങ്ങളെയോ സേവനങ്ങളെയോ പരസ്യപ്പെടുത്താനോ അതുവഴി അംഗീകാരം നേടിയെടുക്കാനോ മേരി ശ്രമിച്ചിരുന്നില്ല. കോട്ടയം രൂപതയുടെ വികസനത്തിന് നല്ലപങ്കു വഹിച്ചിട്ടുള്ള ഡോ.മേരി യെക്കുറിച്ച് മാർ.കുന്നശേരി കുറിച്ചിട്ടിരിക്കുന്നത് ഇപ്രകാരമാണ് “ഒരു കത്തോലിക്കാ രൂപതയുടെ വളർച്ചക്ക് ഇത്രഅധികം സംഭാവനകൾ നൽകിയിട്ടുള്ള ഡോ.മേരിയെ പോലെയുള്ള വനിത കാത്തോലിക്ക സഭയുടെ ചരിത്രത്തിൽ തന്നൈ അപൂർവമായിരിക്കും”.വൈദ്യ ശാസ്ത്ര രംഗത്ത് 50 വർഷവും സമർപ്പിത എന്ന നിലയിൽ 64  വർഷവും പൂർത്തിയാക്കിയ ഡോ . മേരി ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും അടുത്തറിയുമ്പോൾ ആരും അത്ഭുതം കൊള്ളും. ഒരായുസ്സ് കൊണ്ട് ഇത്രയധികം നന്മകൾ സമൂഹത്തിനും സമുദായത്തിനും വേണ്ടി ഡോ . മേരി ഒരുപാടു ചെയ്തിട്ടുണ്ട് . അർഹിക്കുന്നവന് ആവശ്യമായ നന്മകൾ ചെയ്യാൻ മറ്റൊന്നും തടസ്സമാകരുതെന്ന ഡോ . മേരിയുടെ  തത്വതീക്ഷ്‌മാണു  യാത്രകളിൽ സ്റ്റെതസ്കോപ്പും അത്യാവശ്യ മരുന്നുകളും ബാഗിൽ കരുതാൻ അവരെ പ്രേരിപ്പിക്കുന്നത്.ഡോ. മേരി കളപ്പുരക്കക്ക് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമായി സി. സ്നേഹ

കണ്ണൂർ ജില്ലയിൽ ചമതച്ചാൽ ആണ് സി: സ്നേഹയുടെ സ്വദേശം. തേനമാക്കിൽ കുടംബത്തിലെ 6 മക്കളിൽ ഏറ്റവും ഇളയവളാണ് സി: സ്നേഹ . പാവങ്ങളെ സഹായിക്കുവാനും സേവിക്കുവാനുമായി ഒരു മിഷിനറി സിസ്റ്റർ ആകുക എന്നതായിരുന്നു സി. സ്നേഹയുടെ ബാല്യകാല സ്വപ്നം . അതിനായി നഴ്സിംഗിൽ പോസ്റ്റ് ഗ്രാജുവേഷൻ കരസ്ഥമാക്കി . യുദ്ധത്തിൽ തകർന്ന സൗത്ത് സുഡാൻ എന്ന രാജ്യത്തെ ജനങ്ങളുടെ സേവനത്തിനായി സിസ്റ്റർ സ്വയം തിരഞ്ഞെടുത്തു. സിസ്റ്ററിൻ്റെയും മറ്റു കമ്മ്യൂണിറ്റി അംഗങ്ങളുടെയും ജീവന് നിരന്തരമായ ഭീഷണി ഉണ്ടായിരുന്നു “ഞങ്ങൾ ഇവിടെ മരിക്കാൻ വിധിക്കപ്പെട്ടവരാണെങ്കിൽ അങ്ങനെയാകട്ടെ.
ഇതായിരുന്നു അവരുടെ ചിന്ത. പരിഭ്രാന്തരും ആക്രമണ സ്വഭാവക്കാരുമായ ദക്ഷിണ സുഡാനികളെ 7 വർഷം പഠിപ്പിക്കുകയുംപരിചരിക്കുകയും അതുവഴി അവരെ സ്നേഹിക്കുവാൻ പഠിപ്പിക്കുകയും ദയാദാലുക്കളായ കഴിവുള്ള നഴ്സുമാരും മിഡ് വൈഫുമാരുമാക്കി മാറ്റി. അതു വഴി മരണനിരക്ക് കുറക്കാൻ സാധിച്ചു . സി. സ്നേഹ 2014 ൽ ഇന്ത്യയിലേക്ക് മടങ്ങി. 2016 ൽ മുംബെ ഹോളി സ്പിരിറ്റ് ഹോസ്പിറ്റലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. 2020 മെയ് 13 നാണ് സി. സ്നേഹക്ക് കോവിഡ് 19 പിടിപ്പെട്ടത്. അത് ഒരു പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു . തന്റെ അവസാനം വന്നുവെന്ന് വരെ കരുതി.
18 ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി പോരാടി. ദൈവാനുഗ്രഹത്താൽ സുഖം പ്രാപിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഡ്യൂട്ടിയിൽ തിരിച്ചെത്തി. കോവിഡ് 19 ൽ നിന്നും സുഖം പ്രാപിച്ചവരുടെ പ്ലാസ്മ ( Convalescent Plasma) കോവിഡ് രോഗിയുടെ ചികിത്സക്ക് സഹായിക്കുമെന്നുള്ള അറിവ് , ഒരു മരണം എങ്കിലും തടയുമെന്ന തിരിച്ചറിവ് , അതിലൂടെ കടന്നുപോയ സിസ്റ്ററിന്കഷ്ടപ്പാടുകളും വേദനയുമുള്ള COVID രോഗികൾക്ക് തന്റെ പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ചു.ഒരു മാസത്തിനുശേഷം സി. സ്നേഹ കോവിഡ് ആന്റിബോഡി, സെറം പ്രോട്ടീൻ, ഹീമോഗ്ലോബിൻ എന്നിവ പരിശോധിച്ചു, അതിന്റെ മൂല്യം അസാധാരണമായി മികച്ചത്. തൻ്റെ കുട്ടിക്കാലം മുതൽ ദരിദ്രരെ സേവിക്കാനുള്ള അഭിനിവേശം ഉള്ളതിനാൽ ,അവരുടെ ചികിത്സയ്ക്കായി തന്റെ പ്ലാസ്മ നൽകാനുള്ള അവസരം ഉപയോഗിക്കാൻ തീരുമാനിച്ചു . പ്ലാസ്മ തെറാപ്പിക്ക് പണം നൽകി ചികിത്സ നേടാൻ സാധിക്കാത്ത ദരിദ്രർക്കായി തൻ്റെ പ്ളാസ്മ ദാനം ചെയ്യാൻ അങ്ങനെ നായർ ഹോസ്പിറ്റലും മെഡിക്കൽ കോളേജും തിരഞ്ഞെടുത്തു.ഉയർന്ന അളവിലുള്ള ആന്റിബോഡി ഉണ്ടായിരുന്ന കാരണം ജൂലൈ 25, ഓഗസ്റ്റ് 11, സെപ്റ്റംബർ 9, ഒക്ടോബർ 26 , December 5 എന്നീ തീയതികളിലായി 5 തവണ പ്ളാസ്മ ദാനം ചെയ്യാൻ ദൈവാനുഗ്രഹത്താൽ സിസ്റ്ററിന് സാധിച്ചു. 3 തവണ പ്ലാസ്മ ദാനം ചെയ്തു കഴിഞ്ഞപ്പോൾ സിസ്റ്റർ സ്നേഹയെ മഹാരാഷ്ട്ര ഗവർണർ COVID-19 വാരിയർ ആയി ബഹുമാനിച്ചു “ഞാൻ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, ഒപ്പം സമൂഹത്തിനായുള്ള നിങ്ങളുടെ നിസ്വാർത്ഥ സേവനത്തിന് നന്ദി” -ഗവർണർ ഭഗത് സിംഗ് കോശ്യാരി പറഞ്ഞു.5 തവണ പ്ലാസ്മ ദാനം ചെയ്ത രാജ്യത്തെ പ്രഥമ വനിത എന്ന വിശേഷ പദവും സിസ്റ്റർ സ്നേഹക്ക് നായർ ഹോസ്പിറ്റലിൽ നിന്നും കിട്ടി. എ.ബി രക്തഗ്രൂപ്പ് ആയതു കൊണ്ട് സിസ്റ്ററിന് ഏത് രക്തഗ്രൂപ്പുകാർക്കും പ്ളാസ്മ ദാനം നടത്താം . ഇത് ദൈവത്തിൻ്റെ മറ്റൊരനുഗ്രഹമായി സിസ്റ്റർ കരുതുന്നു . . ഇതു വരെ സിസ്റ്ററിൽ നിന്നും 10 രോഗികൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട് . 400 മില്ലി ഉള്ള ഒരൊറ്റ സംഭാവനയിലൂടെ രണ്ട് ആളുകൾക്ക് പ്രയോജനം നേടാം. സിസ്റ്റർ സ്നേഹക്ക് ഇപ്പോഴും പ്ളാസ്മ നൽകാൻ ആഗ്രഹമുണ്ട്എന്നിരുന്നാലും, കാത്തിരിക്കാൻ ഡോക്ടർമാർ ഉപദേശിച്ചിരിക്കുകയാണ് . പുതിയ ഉൾക്കാഴ്ചകൾ നേടുന്നതിനായി രോഗം പിടിപെടാൻ തന്നെ അനുവദിക്കുകയെന്നത് ദൈവത്തിന്റെ പദ്ധതിയാണെന്ന് സിസ്റ്റർ വിശ്വസിക്കുന്നു. തന്റെ മതജീവിതവും ദരിദ്രരായ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹവും ഒരിക്കലും തീരാത്തതാണ് . തന്റെ ജീവിതദൈത്യം മറ്റുള്ളവരെ സേവിക്കുക എന്നതാണ്,പ്രത്യേകിച്ച് ദരിദ്രർ. കുറച്ച് കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ തൻ്റെ രക്തത്തിന്റെ ഭാഗം നൽകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. ദൈവത്തിന്റെ കൃപ ആവശ്യ സമയത്ത് കിട്ടുന്നതുകൊണ്ട് ഇനിയും ഇങ്ങനെ ഒത്തിരി പാവങ്ങളെ സഹായിക്കാൻ സാധിക്കുമെന്ന് സിസ്റ്റർ ഉറച്ചു വിശ്വസിക്കുന്നു.സി. സ്നേഹക്ക് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം അവർക്ക് താങ്ങായി തണലായി ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി ഫാദർ ഷിബു തുണ്ടത്തിൽ

ഫാ ഷിബു തുണ്ടത്തിൽ ഉത്തർപ്രദേശിലെ ബിജിനോർ രൂപതയിൽ സേവനം ചെയ്യുന്നു. ഇപ്പോൾ രൂപതയുടെ കീഴിലുള്ള പ്രേംധാം എന്ന സ്ഥാപനം നോക്കി നടത്തുന്നു. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഭിന്നശേഷിയും ബുദ്ധിമാന്ദ്യം സംഭവിച്ചതും നിരവധി മറ്റ് അസുഖങ്ങളാൽ വലയുന്നവരുമായ കുട്ടികളെ പരിപാലിക്കുന്ന ഒരു പുണ്യ സ്ഥലമാണ് പ്രേംധാം . ഫാ ഷിബുവും മറ്റൊരു വൈദീകനും ചേർന്നാണ് പ്രേം ധാംമിനു തുടക്കം കുറിക്കുന്നത്. ഇന്ന് നൂറിലധികം കുട്ടികൾ ഇവരുടെ പരിപാലനയിൽ കഴിയുന്നുണ്ട് .ജന്മം കൊടുത്ത മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികളെയാണ് ഈ മലയാളി വൈദികർ സ്വന്തം മക്കളെ പോലെ പരിപാലിക്കുന്നത് .

1974 സെപ്റ്റംബർ ആറാം തീയതി മാഞ്ഞൂർ തുണ്ടത്തിൽ വീട്ടിൽ ഒമ്പത് മക്കളിൽ ഏറ്റവും ഇളയവനായിട്ടായിരുന്നു ഫാദർ ഷിബു ജന്മം കൊണ്ടത് . മാഞ്ഞൂർ സെന്റ് തെരേസാസ് ദേവാലയ (മകുടാലയം) പള്ളി ഇടവക അംഗമാണ് അദ്ദേഹത്തിന് തൻറെ ജീവിതത്തെക്കുറിച്ച് വലിയ ആശങ്കകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിൻറെ സ്കൂൾ കാലഘട്ടം അദ്ദേഹത്തിന് ഒരു ഒരു പേടിസ്വപ്നമായിരുന്നു .ഒരു മിഷണറിയായി തീരുന്നതിന് തീരുമാനമെടുത്ത് സെമിനാരിയിൽ ചെയ്യുന്നതുവരെ എൻറെ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു . സെമിനാരിയിൽ ചേരുവാൻ തീരുമാനിച്ച ഷിബുവും മറ്റു 18 പേരും 1991 ജൂൺ മാസം പത്താം തീയതി ഉത്തർപ്രദേശിലുള്ള ബിജിനോർ രൂപതയുടെ സെമിനാരിയിൽ എത്തി . സെമിനാരിയിൽ ചേർന്ന ശേഷം തൻറെ ജീവിതത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിക്കുവാൻ തുടങ്ങി അങ്ങനെ ഉത്തർപ്രദേശിലെ ബിജ്‌നോർ രൂപതക്ക് വേണ്ടി ഒരു വൈദികനാകാൻ വേണ്ടിയുള്ള പഠനങ്ങൾ അദ്ദേഹം തുടർന്നു അങ്ങനെ 2003 മെയ് മാസം 23ആം തീയതി ബിജിനോർ രൂപതയുടെ വൈദികനായി അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

പൗരോഹിത്യം സ്വീകരിച്ചതിനുശേഷം അദ്ദേഹത്തിൻറെ ആദ്യത്തെ നിയമനം ഉത്തരാഖണ്ഡിലെ ഘാട്ടിലായിരുന്നു അവിടെ ഒരു പുതിയ മിഷൻ സ്റ്റേഷൻ വികസിപ്പിക്കുന്നതിന് ഫാ ബെന്നി യെ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ആദ്യ കർത്തവ്യം. രണ്ടുവർഷത്തിനുശേഷം ബദാപൂരിലേക്ക് അദ്ദേഹത്തിന് സ്ഥലംമാറ്റമായി ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കുന്ന ഒരു മിഷൻ സ്റ്റേഷനിലേക്ക് ആയിരുന്നു അദ്ദേഹം ചെന്നത് അവിടെ അദ്ദേഹത്തിന് നിരവധി കാര്യങ്ങളാണ് ചെയ്യുവാൻ ഉണ്ടായിരുന്നത് . ബധാപൂരിലെ പ്രവർത്തനത്തിലൂടെ ബിജിനോർ രൂപതയുടെ ഒരു പ്രധാനപ്പെട്ട കേന്ദ്രമായി മാറ്റുവാൻ അദ്ദേഹത്തിന് സാധിച്ചു . ആറു വർഷത്തെ അവിടുത്തെ പ്രവർത്തനത്തിന് ശേഷം പുതിയ ലക്ഷ്യവുമായി അവിടെ നിന്നും അദ്ദേഹം യാത്ര തിരിച്ചു താമസിയാതെ അദ്ദേഹം തൻറെ ജീവിതത്തിലെ രണ്ടാം ഘട്ടം ആരംഭിച്ചു അങ്ങനെ അദ്ദേഹം പ്രേംധാം എന്ന പുതിയ സ്ഥാപനത്തിന് തുടക്കം കുറിച്ചു ഇതിന് അദ്ദേഹത്തെ സഹായിക്കാനായി ഫാ ബെന്നി കൂടി ഉണ്ടായിരുന്നു പ്രേംധാം തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് കൂടിയ ഒരു പ്രസ്ഥാനമായിരുന്നു.ഫാദർ ഷിബു തുണ്ടത്തിലിന് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Facebook Comments

knanayapathram

Read Previous

ക്നാനായ പത്രം നടത്തുന്ന ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചവരെ ഇവിടെ പരിചയപ്പെടാം

Read Next

കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി ജോമി കൈപ്പറേട്ടും കൂട്ടരും ജൈത്രയാത്ര തുടരുന്നു