മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA
അണഞ്ഞ് തുടങ്ങിയിരുന്ന മലങ്കരയിലെ, ക്രൈസ്തവ വിശ്വാസത്തെ പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനുമായി സ്വജീവൻ പണയപ്പെടുത്തി എഴുപത്തിരണ്ട് കുടുംബങ്ങളെ മലയാളക്കരയിലെത്തിച്ച പ്രേഷിത വര്യനെ സ്വന്തം മക്കൾ മറന്നു തുടങ്ങിയോ?. ക്നാനായക്കാരുടെ പൂർവ്വപിതാവിനെ അർഹിക്കുന്ന അംഗീകാരം നൽകാതെ സ്വ ജനം അവഗണിയ്ക്കുമ്പോൾ കുടിയേറ്റ നായകനെ ഓർമ്മിയ്ക്കാൻ അവസരമൊരുക്കുകയാണ് UK യിൽ കുടിയേറിയ ക്നാനായ മക്കൾ.
2021 മാർച്ച് 20 ന് ആഗോള ക്‌നാനായ സമുഹത്തെ ഒപ്പം ചേർത്ത് UKKCA സംഘടിപ്പിക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൻ്റെ ഒരുക്കങ്ങൾ, അതിവേഗം പുരോഗമിയ്ക്കുമ്പോൾ ഈ ദിനത്തിന് സൂര്യതേജസ്സേകി ക്നായിത്തോമായുടെ അർദ്ധ കായ പ്രതിമ കടലു കടന്നെത്തിയ ക്നാനായക്കാർ, ആദിത്യനസ്തമിക്കാത്ത നാട്ടിലെ തങ്ങളുടെ ആസ്ഥാന മന്ദിരത്തിൽ സ്ഥാപിയ്ക്കുകയാണ്.
ബന്ധങ്ങൾ വേർപിടാതോർക്കുന്ന മക്കൾ പിതാമഹനു നൽകുന്ന ആദരം ലോകമെങ്ങുമുള്ള ക്നാനായ സംഘടനകൾക്ക് മാതൃകയാകേണ്ടതാണ്. അഭിമാനികളെന്ന് അറിയപ്പെടുന്ന തെക്കുംഭാഗ ന് ഇന്നഭിമാനിക്കാനുള്ള തെല്ലാം നേടിത്തന്ന, പതിനേഴ് പരിഷക്ക് ഉടമയാക്കി, പകൽവിളക്കും, പാവാടയും -പല്ലക്കും, പതക്കവും,പട്ടു മുണ്ടും, പട്ടുറുമാലും നാട്ടുരാജാവിൽ നിന്ന് നേടിത്തന്ന ക്നായിത്തോമാ യ്ക്ക് സ്വന്തം സമുദായം ഇതുവരെ നൽകിയത്, അവഗണയും അനാദരവും മാത്രമാണെന്ന തിരിച്ചറിവാണ് ഇതാദ്യമായി ഒരു പ്രവാസി നാട്ടിൽ നടക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് നാന്ദിയായത്.
കൊടുങ്ങല്ലൂരിൽ ക്നായിത്തോമാ, മാർത്തോമാശ്ലീഹായുടെ നാമത്തിൽ പണികഴിപ്പിച്ച പള്ളി, ക്നായിത്തോമായുടെ ശവകുടീരം, ക്നായി ത്തോമാ യ്ക്ക് നാട്ടുരാജാവ് സമ്മാനിച്ച ചെപ്പേടുകൾ, എല്ലാം നഷ്ടങ്ങൾ മാത്രം. ആരും അന്വേഷിച്ച് പോയിട്ടില്ലാത്ത ഒരു പിടി ചാരം മാത്രം. ഒരു പിടി ചാരത്തിൽ നിന്ന് തന്നെ ഒരു ഫീനിക്സ് പക്ഷിയായി ആകാശസീമകളിലേക്ക് പറന്നുയരാനുള്ള തീവ്രശ്രമത്തിലാണ് UKയിലെ ചങ്കുറപ്പുള്ള ക്നാനായക്കാർ.കേരളത്തിന് വെളിയിൽ ഇതാദ്യമായാണ് ക്നായിത്തോമായുടെ പ്രതിമ സ്ഥാപിയ്ക്കപ്പെടുന്നത്.വെങ്കലത്തിൽ തീർക്കുന്ന ഈ ‘പ്രതിമ സ്പോൺസർ ചെയ്യാനാഗ്രഹിയ്ക്കുന്നവർ UKKCA വൈസ് പ്രസിഡൻ്റ് ബിജി മാങ്കൂട്ടത്തിലിനെയോ (07737571615) ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിലെ നെയോ (07940409924) ജനുവരി 30 ന് മുമ്പ് ബന്ധപ്പെടാവുന്നതാണ്.