Breaking news

റൂബി ജൂബിലിയോടനുബന്ധിച്ച് “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷൻ”

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)

ചിക്കാഗോ: പൗരോഹിത്യ ശുശ്രൂഷയിൽ 40 സംവത്സരം പൂർത്തിയാക്കിയ റവ. ഫാ. ഏബ്രഹാം മുത്തോലത്ത് സാമൂഹ്യസേവനത്തിനും മിഷൻ പ്രവർത്തനത്തിനും നടത്തിവരുന്ന സാമ്പത്തിക സഹായം നിരന്തരം തുടരുന്നതിനു വേണ്ടി സ്ഥാപിച്ച “ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷ“ന്റെ ഉൽഘാടനം ചിക്കാഗോ സീറോമലബാർ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്‌ അങ്ങാടിയാത്ത് നിർവ്വഹിച്ചു. തുടർന്ന് ഈ ഫൗണ്ടേഷന്റെ വെബ് സൈറ്റ് (www.frabrahamfoundation.org) സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് ഉൽഘാടനം ചെയ്തു.

2020 ഡിസംബർ 19 ശനിയാഴ്ച വൈകുന്നേരം 5:30ന് പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ചിക്കാഗോ തിരുഹൃദയ ഫൊറോനാ പള്ളിയിൽ, ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി സമ്മേളനത്തിൽ വച്ചാണ് പിതാക്കന്മാർ ഫൗണ്ടേഷനും വെബ്സൈറ്റും ഉൽഘാടനം ചെയ്തത്. തനിക്കു പിതൃസ്വത്തായി ചേർപ്പുങ്കലിൽ ലഭിച്ച വിലപിടിപ്പുള്ള സ്ഥലം കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കു കൈമാറിയ മുത്തോലത്തച്ചൻ അതോടനുബന്ധമായി കൂടുതൽ സ്ഥലം വാങ്ങി നല്കുകയും അവയിൽ അഗാപ്പെ ഭവൻ, ഗുഡ് സമരിറ്റൻ സെന്റർ, മുത്തോലത്ത് ഓഡിറ്റോറിയം, ഇമ്പാക്ട് സെന്റർ എന്നിവ സ്ഥാപിക്കുന്നതിനു സാമ്പത്തിക സഹായം നല്കുകയും ചെയ്തു. അന്ധബധിരരുടെയും ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ബാധിച്ച ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനുവേണ്ടിയുള്ളവയാണ് ഈ സ്ഥാപനങ്ങൾ. കോട്ടയം അതിരൂപതയുടെ മേൽനോട്ടത്തിൽ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ മുൻ ഡയറക്ടറായിരുന്ന ഫാ. ഏബ്രഹാം മുത്തോലത്താണ് സ്വാശ്രയസംഘങ്ങളും ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സി.ബി.ആർ. (കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷൻ) പ്രോഗ്രാമുകളും കേരളത്തിൽ വിപുലമായ തോതിൽ ആദ്യം ആരംഭിച്ചത്. അപ്പോഴുണ്ടായ സൽ‌ഫലങ്ങളാണ് ഇത്തരം സേവനങ്ങൾക്കു സ്ഥിര സംവിധാനം തന്റെ ജന്മദേശത്തു തുടരുവാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് തന്റെ ആമുഖ സന്ദേശത്തിൽ മുത്തോലത്തച്ചൻ പ്രസ്താവിച്ചു. ചേർപ്പുങ്കലെ ഈ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് മുത്തോലത്ത് ഓഡിറ്റോറിയം ഉൽഘാടനം ചെയ്തു പ്രസംഗിച്ച കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭിപ്രായ പ്രകാരം കോട്ടയം അതിരൂപത “മുത്തോലത്തു നഗർ“ എന്നു നാമകരണം ചെയ്തു.

ഭാരതത്തിലെ വടക്കുകിഴക്കൻ മിഷൻ പ്രദേശങ്ങളിൽ പലപ്രാവശ്യം മിഷനറി തീർത്ഥാടനം നടത്തിയിട്ടുള്ള ഫാ. മുത്തോലത്ത് അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ ആറു പള്ളികൾ നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്കി. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും മിയാവു രൂപതയുടെയും പദ്ധതികൾക്കു തുടർസഹായം നല്കുന്നതോടൊപ്പം സാമൂഹ്യസേവന പ്രവർത്തകരെയും ചെറുകിട കർഷകരെയും ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള സമൂഹാധിഷ്ഠിത പുനരധിവാസപ്രവർത്തനത്തെയും സ്വയാശ്രയസംഘങ്ങളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന വിവിധ അവാർഡുകൾ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി വഴി നല്കുവാൻ ഫൗണ്ടേഷൻ പദ്ധതി ഇട്ടിട്ടുണ്ട്. സാമൂഹ്യസേവനത്തിന്റെ നൂതന കാഴ്ചപ്പാടുകളെക്കുറിച്ച് ബോധവല്‍ക്കരണം നല്കത്തക്കവിധം സെമിനാറുകൾ സംഘടിപ്പിക്കുവാനും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാനും “ഫാ. ഏബ്രഹാം മുത്തോലത്തു ഫൗണ്ടേഷൻ“ പദ്ധതികൾ തയ്യാറാക്കിവരുന്നു.   

ചിക്കാഗോ സീറോമലബാർ രൂപതയ്ക്കും ക്നാനായ റീജിയണും നിസ്തുല സേവനം കാഴ്ചവെയ്ക്കുന്നതോടൊപ്പം ഇടവകവികാരിയായും ആശുപത്രി ചാപ്ലെയിനായും സേവനം ചെയ്തുകൊണ്ട് അവയിലൂടെ ലഭിക്കുന്ന വരുമാനം മുഴുവൻ ഉപയോഗിച്ചു സാമൂഹ്യ സേവനം ചെയ്യുന്ന മുത്തോലത്തച്ചനെ മാർ ജേക്കബ് അങ്ങാടിയാത്തു പിതാവ് പ്രശംസിച്ചു. പുതിയ ഫൗണ്ടേഷനിലൂടെ ഈ സേവനങ്ങൾ കൂടുതൽ കാലം തുടരാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയെ പിതാവ് വിലമതിച്ചു.

അമേരിക്കയിലെ സീറോമലബാർ രൂപതയിലും ക്നാനായ റീജിയണിലും ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന മുത്തോലത്തച്ചൻ മിഷൻ രംഗത്തും സാമൂഹ്യസേവനരംഗത്തും ചെയ്യുന്ന സംഭാവനകൾ മറ്റുള്ളവർക്ക് മാതൃകയാണെന്നു സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് ഉൽഘാടനം ചെയ്തുകൊണ്ടു പ്രസ്താവിച്ചു. സമ്മേളനത്തിൽ മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിൽ, ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി, മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, മിയാവു ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ, കോഹിമാ മെത്രാൻ മാർ ജെയിംസ് തോപ്പിൽ, വികാരി ജാനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു.

തുടർന്ന് വികാരി ജനറാൾമാരായ മോൺ. തോമസ് മുളവനാൽ, മോൺ. തോമസ് കടുകപ്പള്ളിൽ, തോമസ് നെടുവാമ്പുഴ, സാബു നടുവീട്ടിൽ, ചിക്കാഗോ ക്നാനായ കാത്തലിക്‌ സൊസൈറ്റി പ്രസിഡന്റ് തോമസ് പൂതക്കരി എന്നിവർ പ്രസംഗിച്ചു. രൂപതാ പ്രോക്യുറേറ്റർ ഫാ. ജോർജ് മാളിയേക്കൽ, ചാൻസലർ ഫാ. ജോണിക്കുട്ടി പുലീശ്ശേരി എന്നിവരുൾപ്പെടെ 12 വൈദികരും, മദർ സി. സിൽവിരിയൂസ് ഉൾപ്പെടെ സിസ്റ്റേഷ്സും ചിക്കാഗോ സേക്രഡ് ഹാർട്ട് സെന്റ് മേരീസ് ക്നാനായ ഇടവകകളിലെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതയായിരുന്നു.

എബ്രാഹം അരീച്ചിറയില്‍, സാബു മുത്തോലം, സണ്ണി മുത്തോലം, റ്റോണി പുല്ലാപ്പള്ളിൽ, റ്റിജോ കമ്മാപറമ്പില്‍, സണ്ണി മൂക്കേട്ട്, ബിനോയി കിഴക്കനടി, മോളി മുത്തോലം, ഷീബ മുത്തോലം എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

Facebook Comments

knanayapathram

Read Previous

മോനിപ്പള്ളി നൂറംമാക്കില്‍ സഞ്ജു ജോണ്‍ (45) നിര്യാതനായി LIVE TELECASTING AVAILABLE

Read Next

അനേകം അയൽക്കാർ വിശന്നിരിക്കുമ്പോൾ എങ്ങനെ ക്രിസ്തുമസ്സ് ആഘോഷിക്കാൻ പറ്റും.? അനേകർക്ക് ആശ്വാസം പകർന്ന് കവന്റി ആന്റ് വാർവിക്ഷയർ ക്നാനായക്കാർ.