കോട്ടയം: പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസന കാഴ്ച്ചപ്പാടുകള്‍ ഇന്നിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിച്ച ഇംപാക്ട് സെന്ററിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇംപാക്ട് സെന്റര്‍ പുതുവെളിച്ചമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയവും പ്രത്യാശയും പകരുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണവും കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശവും നല്‍കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. ജോയി കട്ടിയാങ്കല്‍, ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍, സിസ്റ്റര്‍ സാലി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പൗരോഹിത്യ റൂബി ജൂബിലി ആഘോഷിക്കുന്ന ഫാ. എബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ്. സമര്‍പ്പിച്ച ഉപഹാരം മുത്തോലത്ത് കുടുംബാംഗമായ സിസ്റ്റര്‍ സാലി എസ്.വി.എം ഏറ്റുവാങ്ങി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ആയിരുന്ന റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ചു നല്‍കിയതാണ് ഇംപാക്ട് സെന്റര്‍. ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യമോ അജപാലനപരമോ ആയ ക്യാമ്പുകള്‍ക്കും, മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട താമസസൗകര്യങ്ങള്‍ക്കും ഇംപാക്ട് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കൂടാതെ നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസികളുടെ താല്‍ക്കാലിക താമസത്തിന് ഇതിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതയിലെ വൈദിക സന്യസ്ഥ സംഘടനാ അത്മായ പ്രതിനിധികളും കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും പങ്കെടുത്തു.