കോട്ടയം: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു. ഗിവ് ടു ഏഷ്യയുടെ സഹകരണത്തോടെ രൂപം നല്‍കുന്ന വോളണ്ടിയേഴ്‌സ് ഫോറത്തിന്റെ കേന്ദ്രതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. വോളണ്ടിയേഴ്‌സ് ഫോറത്തിന്റെ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശീലനത്തിന് കോട്ടയം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം ജൂനിയര്‍ റെസിഡന്റ് ഡോ. ശ്രീലക്ഷ്മി ജി. ആര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ജെസ്റ്റിന്‍ ലൂക്കോസ്, ബെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്രതല വോളണ്ടിയേഴ്‌സ് ഫോറത്തിന്റെ ചുവട് പിടിച്ചുകൊണ്ട് ദുരന്ത സാധ്യത മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് വോളണ്ടിയേഴ്‌സ് ടീം കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വിപുലീകരിക്കും. കോവിഡ് ഉള്‍പ്പെടെയുള്ള മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറത്തിന് കെ.എസ്.എസ്.എസ് രൂപം നല്‍കിയത്.