കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് 19 അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്താതെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡിന്റെ സാഹചര്യത്തില്‍ അനുവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സുമായി സഹകരിച്ച് കോട്ടയം, എറണാകുളം ജില്ലകളിലെ അമ്പതോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കാണ് അവശ്യ മരുന്നുകള്‍ ലഭ്യമാക്കിയത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ടോമി തോമസ്സ് നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാമാസവും ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കത്തക്കവിധത്തിലാണ് കാരുണ്യദൂത് പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കുന്നത്.