മുംബൈ: കോവിഡ് ചികിത്സയ്‌ക്കായി മൂന്നുതവണ പ്ലാസ്‌മ ദാനം ചെയ്‌ത് ക്‌നാനായ സമുദായാംഗമായ കന്യാസ്‌ത്രീ സമൂഹത്തിന് മാതൃകയായി. അന്ധേരി ഹോളി സ്‌പിരിറ്റ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്‌ടറും, കണ്ണൂര്‍ ചമതച്ചാല്‍ തേനമ്മാക്കീല്‍ കുടുംബാംഗവുമായ സിസ്റ്റര്‍ സ്‌നേഹ ജോസഫാണ് 2 മാസത്തിനിടെ 3 തവണ പ്ലാസ്‌മ ദാനം ചെയ്‌തത്. പ്ലാസ്‌മ ദാനത്തിന് പലരും മടിച്ചു നില്‍ക്കുമ്പോഴാണ് സിസ്റ്റര്‍ മാതൃകയാകുന്നത്. 60 ദിവസത്തിനിടെ 2 തവണ പ്ലാസ്‌മ ദാനം ചെയ്യുന്ന മുംബൈയിലെ ആദ്യ വനിതയാണ് സി. സ്‌നേഹ. 125 കോവിഡ് ചികിത്സാ കിടക്കകള്‍ അടക്കം 300 കിടക്കകളുള്ളതാണ് അന്ധേരി ഈസ്റ്റിലെ ഹോളി സ്‌പിരിറ്റ് ആശുപത്രി. കോവിഡ് പടര്‍ന്നുതുടങ്ങിയ ഏപ്രിലില്‍ തന്നെ അവിടെ പ്രത്യേക വാര്‍ഡ് തുറന്നു. മെയ് 13നാണ് സി. സ്‌നേഹ ജോസഫിന് കോവിഡ് പോസിറ്റീവായത്. 18 ദിവസംകൊണ്ട് നെഗറ്റീവായ അവര്‍ തുടര്‍ന്നു 4 ദിവസം പിന്നിട്ടതോടെ ജോലിയില്‍ സജീവമായി. കഴിയാവുന്ന വിധത്തില്‍ കോവിഡ് ബാധിതരെ സഹായിക്കണമെന്ന് അപ്പോള്‍ തീരുമാനിച്ചതാണ്. വ്യവസ്ഥയനുസരിച്ച് നെഗറ്റീവായി 28 ദിവസത്തിനുശേഷമാണ് ആദ്യത്തെ പ്ലാസ്‌മദാനം. തുടര്‍ന്ന് 2 തവണകൂടി. സി. സ്‌നേഹ മിഷനറി സിസ്റ്റേഴ്‌സ് സെര്‍വെന്റ്‌സ് ഓഫ് ഹോളി സ്‌പിരിറ്റ് സഭാംഗമാണ്. എം.എസ്.സി നഴ്‌സിംഗ്, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി സുഡാനില്‍ 7 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് അന്ധേരി ഹോളി സ്‌പിരിറ്റ് ആശുപത്രിയുടെ ചുമതലയിലേക്ക് എത്തുന്നത്. സുഡാനില്‍ നഴ്‌സിംഗ് കോളജ് ആരംഭിച്ചത് സി. സ്നേഹയുടെ നേതൃത്വത്തിലാണ്. ഹോളി സ്‌പിരിറ്റ് ആശുപത്രിയിലെ ജീവനക്കാരില്‍ വലിയൊരു പങ്ക് മലയാളികളാണ്.