Breaking news

അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

ഫ്ളോറിഡ: അമേരിക്ക മിയാമിയിൽ മരണമടഞ്ഞ മെറിൻ ജോയി(27) യുടെ മ്യത സംസ്കാരം അമേരിക്കയിൽ വച്ച് നടത്തപ്പെടും . മൃതദേഹം ഇന്ന് തിങ്കളാഴ്ച 2 മുതൽ 6 വരെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍). മൃതസംസ്ക്കാരം ഓഗസ്റ്റ് 5 തിയതി ബുധനാഴ്ച 11 മണിക്ക് താമ്പ സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ വച്ച് നടത്തപ്പെടും (ഇന്ത്യന്‍ സമയം രാത്രി 08.30).

മെറിന്റെ പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിലുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കുക എളുപ്പമല്ലെന്നു ബന്ധുക്കൾ അറിയിച്ചു.

മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്,‌ മേഴ്സി ദമ്പതികളുടെ മകളാണ് മെറിൻ ജോയി (27). ആശുപത്രിയുടെ പാർക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടർന്ന് മെറിന്റെ ദേഹത്ത് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യു (നെവിൻ) അറസ്റ്റിലാണ്. കോറൽ സ്പ്രിങ്സിലെ ജോലി വിട്ട് റ്റാംപയിലെ സെന്റ് ജോസഫ്സ് ആശുപത്രി ഗ്രൂപ്പിൽ മെറിൻ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാൻ തയാറെടുത്തിരിക്കുമ്പോഴായിരുന്നു മരണം. 

എംബാം ചെയ്യാൻ കഴിയാത്തതു മൂലമാണു മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ഒഴിവാക്കിയതെന്നു സൂചന. 17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. മെറിനെതിരായ സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിനെതിരെ മാതാപിതാക്കൾ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി

Read Next

മോനിപ്പളളി: ക്രിസ്തുരാജ് മോട്ടോഴ്‌സ് ഉടമ കൂന്തമറ്റത്തില്‍ കെ.ജെ. എബ്രാഹം (ചാച്ചന്‍-87) നിര്യാതനായി.